നികുതിക്കൊള്ളക്കെതിരെ ഏപ്രില്‍ ഒന്നിന് യുഡിഎഫ് കരിദിനം

Spread the love

ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍സമയത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയര്‍ത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും.യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. വെള്ളക്കരം,വൈദ്യുതി ചാര്‍ജ്,വീട്ടുകരം,ഇന്ധനവില എന്നിവ ഒരു നിയന്ത്രണവും ഇല്ലാതെ അശാസ്ത്രീയമായി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ദുര്‍ദിനമാണ് സമ്മാനിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏര്‍പ്പെടുത്തി ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ധനവില വര്‍ധനവ് സമസ്മതമേഖലിലും വിലവര്‍ധനവിന് വഴിവെയ്ക്കും.

ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നത്.ജനജീവിതം ദുസ്സഹമാക്കുന്ന നികുതിക്കൊള്ളയാണ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്ക്കെതിരെയാണ് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നതെന്നും അത് വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ഹസ്സന്‍ പറഞ്ഞു.

Author