വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ.രാജക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
രാജ നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഎമ്മാണ്.ഇതിന് കൂട്ടുനിന്ന എല്ലാവര്‍ക്കും എതിരെ ക്രിമിനല്‍ കേസെടുക്കണം. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജയ്ക്ക് സര്‍ക്കാരിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. ഏത് വളഞ്ഞ വഴിയിലൂടെയും അധികാരം നിലനിര്‍ത്താന്‍ എന്തുനെറികേടും നടത്താന്‍ മടിക്കാത്ത വംശമാണ് സിപിഎമ്മുകാര്‍. കുടുംബ രജിസ്റ്റര്‍ ഉള്‍പ്പെടെ എ.രാജ തിരുത്തിയെന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ടതാണ്. എന്നാല്‍ കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വോട്ടര്‍മാരോട് വിശ്വാസവഞ്ചന കാട്ടിയ വ്യക്തിക്ക് വേണ്ടി സിപിഎം ഇപ്പോഴും പാറപോലെ ഉറച്ചുനില്‍ക്കുകയാണ്.ചെയ്ത കുറ്റം ഏറ്റുപറഞ്ഞ് പ്രബുദ്ധരായ വോട്ടര്‍മാരോട് മാപ്പുപറയാനുള്ള മാന്യതപോലും സിപിഎമ്മും രാജയും ഇതുവരെ കാട്ടിയില്ല.വ്യാജരേഖ ചമയ്ക്കുന്നതും രേഖകള്‍ തിരുത്തുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഏഴുവര്‍ഷത്തിലധികം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നിട്ടും എ.രാജക്ക് മേല്‍ നടപടി സ്വീകരിക്കാതെ നിയമത്തിന്റെ പഴുതുപയോഗിച്ച് സംരക്ഷണം നല്‍കുന്നത് നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിന് ആവശ്യമായ നപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
സംവരണതത്വങ്ങള്‍ അട്ടിമറിച്ച് രാജയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന സിപിഎം പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയാണ്. നിയമനിര്‍മ്മാണ സഭയില്‍ പട്ടികജാതിക്കാര്‍ക്ക് അവരുടെ പ്രാതിനിധ്യം ഉറുപ്പുവരുത്താന്‍ സംവരണം ചെയ്യപ്പെട്ട മണ്ഡലത്തിലാണ് ആ പരിധിയില്‍ വരാത്ത വ്യക്തിയെ സിപിഎം മത്സരിപ്പിച്ചത്. സിപിഎമ്മിന്റെ ദളിത് വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.