വയനാട് ജില്ലയുടെ ആരോഗ്യരംഗത്ത് പുതിയ മുന്നേറ്റം കുറിച്ചുകൊണ്ട് വയനാട് മെഡിക്കല്‍ കോളേജില്‍ പുതിയതായി നിര്‍മ്മിച്ച 7 നില മള്‍ട്ടി പര്‍പ്പസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും നാടിനു സമർപ്പിച്ചു. സർക്കാർ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളത്. പൊതുജനാരോഗ്യ സംവിധാനങ്ങൾ കൂടുതൽ മികവുറ്റതാക്കിമാറ്റാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതും. ആ നിലയ്ക്കുള്ള മികച്ച ചുവടുവെപ്പാണ് വയനാട് മെഡിക്കൽ കോളജിൽ പുതുതായി പണി കഴിപ്പിച്ച മള്‍ട്ടി പര്‍പ്പസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും.
മെഡിക്കല്‍ ഒ.പി, എക്സറേ, റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ് സെന്റര്‍, സ്ത്രി-പുരുഷ വാര്‍ഡുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയുൾക്കൊള്ളുന്ന പുതിയ മള്‍ട്ടി പര്‍പ്പസ് കെട്ടിടം 45 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്. 8 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടെയുള്ള കാത്ത് ലാബ് ഹൃദ്രോഗ ചികിത്സ രംഗത്ത് വയനാട് മെഡിക്കൽ കോളജിനെ പുതിയ നേട്ടങ്ങളിലേക്കുയർത്തും.
വയനാട് മെഡിക്കൽ കോളജിന്റെ മുഖഛായ മാറ്റുന്ന വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. വയനാട്ടുകാർക്ക് മാത്രമല്ല ജില്ലയോട് ചേർന്നുകിടക്കുന്ന കണ്ണൂരിലെ കേളകം, കൊട്ടിയൂര്‍ തുടങ്ങിയ മേഖലയിലുള്ളവർക്കും കര്‍ണാടകയിലെ ബാവലി, ബൈരക്കുപ്പ തുടങ്ങിയ പ്രദേശങ്ങളിലുളളവര്‍ക്കും മെഡിക്കൽ കോളജിൽ പുതുതായി ആരംഭിച്ച കാത്ത് ലാബ് പ്രയോജനപ്പെടും. കേരളത്തിലെ മെഡിക്കൽ കോളജുകളെ ലോക നിലവാരത്തിലേക്കുയർത്താനും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാനുമുള്ള നടപടികളുമായി നമുക്കൊരുമിച്ച് മുന്നോട്ടുപോകാം