ലഹരിമുക്ത കാമ്പസ് പ്രചാരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് പത്തനംതിട്ട ജില്ലയില്‍

Spread the love

പത്തനംതിട്ട: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിവരുന്ന പ്രചാരണത്തിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കൊടുമണ്‍ എം.ജി.എം സെന്‍ട്രല്‍ സ്‌കൂളിലും ജൂനിയര്‍ സ്‌കൂളിലും ലഹരി മുക്ത കാമ്പസ് പരിപാടി സംഘടിപ്പിച്ചു.
പത്തനംതിട്ട എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രഭാകരന്‍ പിള്ള വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ സെഷന്‍ നടത്തി. എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ജോണ്‍ സാമുവല്‍, എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി സ്മിത രാജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ അജിഷ് കെ ചന്ദ്രന്‍, സീനിയര്‍ മാനേജര്‍ ജിഷ ഡീന ജോണ്‍, എസ്‌ഐബി റീജിയണല്‍ ഓഫീസ് തിരുവല്ല, ബ്രാഞ്ച് ഹെഡ് ശ്രീമതി ദിവ്യ എന്‍ മേനോന്‍, എസ്‌ഐബി ഏഴംകുളം, എസ്‌ഐബി കൊടുമണ്‍ ബ്രാഞ്ച് ഹെഡ് ശ്രീ ജോമോന്‍ ടി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് ലഹരി മുക്ത കാമ്പസ് പ്രചാരണം.
വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുവാന്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്തുണ നല്‍കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലക്ഷ്യം.
സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എക്‌സൈസ് വകുപ്പ്, നാര്‍ക്കോട്ടിക് സെല്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി മുക്ത കാമ്പസ് പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ മേക്കിങ് മത്സരം, മൂകാഭിനയം, തെരുവുനാടകം തുടങ്ങിയ പരിപാടികളും കാമ്പസുകളില്‍ സംഘടിപ്പിച്ചു വരുന്നു.

Anthony P W

Author