മധുവധക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ.സുധാകരന്‍ എംപി

Spread the love

അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേസിന്റെ നടത്തിപ്പില്‍ സര്‍ക്കാരും പ്രോസിക്യൂഷനും പലഘട്ടത്തിലും ഗുരുതരമായ വീഴ്ചകള്‍ വരുത്തിയപ്പോള്‍ മധുവിന്റെ അമ്മയും സഹോദരിയും ഭീഷണികളെയും പ്രതിസന്ധികളെയും അതിജീവിച്ച് പൊരുതി നേടിയ വിജയം കൂടിയാണിത്.

മധു കേരളീയ സമൂഹത്തിന്റെ ആകെ നൊമ്പരമാണ്. മധുവിന് ലഭിക്കേണ്ട ന്യായമായ നീതി ഇത്രയും കാലം നീട്ടിക്കൊണ്ടുപോയത് ഇടതുസര്‍ക്കാരിന്റെ വലിയ വീഴ്ചയാണ്. കേസിലെ വിധിയില്‍ ഊറ്റം കൊള്ളുന്ന മന്ത്രിമാര്‍ക്കും സര്‍ക്കാരിനും അതിന് അര്‍ഹതയുണ്ടോയെന്ന് സ്വയം വിലയിരുത്തണം. മധു ഒരു പ്രതീകം മാത്രമാണ്. നാളെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് നാം പുലര്‍ത്തേണ്ടത്. ഒരുഘട്ടത്തില്‍ സാക്ഷികളെല്ലാം കൂറുമാറി തേഞ്ഞുമാഞ്ഞ് പോകുമായിരുന്ന കേസിലാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചത്. ഇത് നീതിന്യായ സംവിധാനത്തോടുള്ള വിശ്വാസ്യത കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

 

Author