കോന്നി മണ്ഡലത്തിലെ മലയോര പട്ടയപ്രശ്നത്തിന്‌ പരിഹാരമാകും

Spread the love

കോന്നി നിയോജക മണ്ഡലത്തിലെ കൈവശകര്‍ഷകര്‍ക്ക് പട്ടയം നല്കുന്നതിന് അടുത്ത വനം അഡൈ്വസറി കമ്മറ്റിയില്‍ അനുമതി നല്കുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് ഉറപ്പു നല്കിയതായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയെത്തിയത്. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടര്‍ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.
1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തില്‍ പത്തനംതിട്ട കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍ തുടങ്ങിയ മലയോര മേഖലകളില്‍ ധാരാളം കര്‍ഷകര്‍ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയില്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും, പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
പട്ടയം ലഭ്യമാകുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ വിവരം കേന്ദ്ര മന്ത്രിയെ ബോധ്യപ്പെടുത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഫോറസ്റ്റ് അഡൈ്വസറി കമ്മറ്റിയുടെ അടുത്ത യോഗത്തില്‍ വിഷയം അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും, അനുകൂല തീരുമാനമുണ്ടാകുമെന്നുമാണ് പ്രതീക്ഷ.

Author