ന്യുയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മെക്സിക്കോ രാജ്യത്തെ വടക്ക്കിഴക്കൻ പ്രദേശമായ തമൗലിപാസ് ജില്ലയിലെ തീരദേശ മേഖലയിൽ വസിക്കുന്നവരുടെ ഇടയിൽ ആരംഭിച്ച മിഷൻ പ്രവർത്തനം ഇരുപത് വർഷം പിന്നിട്ടു.
മെക്സിക്കോയിലെ മറ്റമോറോസ് സിറ്റിയിൽ മാർത്തോമ്മാ സഭ പണികഴിപ്പിച്ച കൊളോണിയ മാർത്തോമ്മ സെന്ററിലുള്ള ദേവാലയത്തിൽ വെച്ച് മാർച്ച് 31 വെള്ളിയാഴ്ച മിഷൻ പ്രവർത്തനം തുടങ്ങിയിട്ട് ഇരുപത് വർഷമായതിന്റെ ഭാഗമായി നടത്തപ്പെട്ട ചടങ്ങിൽ തദ്ദേശിയവാസികളായ ഏഴ് പേരെ ഭദ്രസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലിക്സിനോസ് സ്നാനപ്പെടുത്തി സഭയുടെ അംഗത്വത്തിലേക്ക് പ്രവേശിപ്പിച്ചു.
ചടങ്ങിൽ മുൻ സഭാ സെക്രട്ടറിയും വികാരി ജനറാളും ആയ റവ. ഡോ. ചെറിയാൻ തോമസ്, റവ. രാജൂ അഞ്ചേരി, മെക്സിക്കോ മിഷന്റെ മിഷനറിയും, ഹ്യുസ്റ്റൺ സെന്റ്.തോമസ് മാർത്തോമ്മ ഇടവക വികാരിയും ആയ റവ.സോനു വർഗീസ് , മിഷൻ കോർഡിനേറ്റർ പി.ടി എബ്രഹാം, തിയോളജി പ്രാക്ടിക്കൽ ട്രെയ്നിംഗ് വിദ്യാർഥിയായ ആകാശ് ദാനിയേൽ മാത്യു, സിഎസ്ഐ സഭയുടെ പുരോഹിതയായ റവ. സ്റ്റെഫിയ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു.
മിഷൻ കോർഡിനേറ്റർ ആയി തന്റെ പ്രായാധിക്യത്തെയും മറ്റും വകവെക്കാതെ ഇപ്പോഴും നേതൃത്വം നൽകികൊണ്ടിരിക്കുന്ന പി. ടി എബ്രഹാമിന് ഭദ്രാസനത്തിന്റെ ആദരസൂചകമായി ഫലകം നൽകി ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.മാർ ഫിലിക്സിനോസ് ആദരിച്ചു.
ഈ പ്രദേശത്ത് വസിക്കുന്നതായ മത്സ്യതൊഴിലാളികളായവരെ മാനസികപരമായും, സാമൂഹിക പരമായും, ആരോഗ്യപരമായും, വിദ്യാഭ്യാസപമായും മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഭദ്രാസനം 2003 ൽ ആരംഭിച്ച പ്രോജക്ട് ആയ മെക്സിക്കോ മിഷന്റെ പ്രവർത്തനഫലമായി എഞ്ചിനീയറിംഗ്, നേഴ്സിംഗ് തുടങ്ങിയ കോഴ്സുകളിൽ വിദ്യാഭ്യാസപരമായി പല കുട്ടികളും പഠനം പൂർത്തീകരിക്കുവാൻ സാധിച്ചു എന്ന് മിഷനറി റവ. സോനു വർഗീസ് അറിയിച്ചു.
Report : ഷാജീ രാമപുരം