ധർമ്മശാല മത്സ്യഫെഡ് ഫിഷ് മാർട്ട് ഉദ്ഘാടനം ഒമ്പതിന്

Spread the love

സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നുറുദിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കണ്ണൂർ ജില്ലയിലെ ആദ്യത്തെ മത്സ്യഫെഡ് ഫിഷ് മാർട്ട് ധർമ്മശാല ഇന്ത്യൻ കോഫി ഹൗസിനു സമീപം ഏപ്രിൽ ഒമ്പതിന് പ്രവർത്തനം ആരംഭിക്കുന്നു. രാവിലെ 11 മണിക്ക് എംവി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനാവും.

ജില്ലയിലെ വിവിധ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്നും മത്സ്യഫെഡ് നേരിട്ടും, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും ദൈനംദിനം ശേഖരിക്കുന്ന മത്സ്യങ്ങൾ ആയിക്കര മാപ്പിളബേ ഹാർബറിൽ സജ്ജമാക്കിയ ബേസ് സ്റ്റേഷനിൽ സംഭരിച്ച് മാർട്ടുകളിൽ നേരിട്ട് എത്തിച്ച് ഗുണഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് നേരിട്ട് ലഭ്യമാക്കും. മത്സ്യഫെഡിന്റെ കൊച്ചി ഐസ് ആൻഡ് ഫ്രീസിങ്ങ് പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ചെമ്മീൻ, ചൂര, ഓല, കൂന്തൾ മത്സ്യ അച്ചാറുകൾ, മത്സ്യ കറിക്കൂട്ടുകൾ, ഫ്രൈ മസാല, ചെമ്മീൻ ചമ്മന്തി പൊടി, ചെമ്മീൻ റോസ്റ്റ് തുടങ്ങിയ മൂല്യവർധിത ഉല്പന്നങ്ങൾ, വിവിധ തരം മാംസങ്ങൾ, ജീവിതശൈലി രോഗങ്ങൾ കുറക്കുന്നതിന് മത്സ്യഫെഡ് ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന കൈറ്റോൺ ക്യാപ്‌സ്യൂളുകൾ എന്നിവ ഇത്തരം മാർട്ടുകളിൽ നിന്നും ലഭ്യമാവും.
നഗരസഭയിലെ മുഴുവൻ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും നേരിട്ട് ബന്ധമുള്ള ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലുള്ള സംരംഭകത്വ ഗ്രൂപ്പാണ് ധർമശാലയിലെ മത്സ്യഫെഡ് ഫിഷ് മാർട്ട് പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്. ജില്ലയിലെ മലയോര മേഖലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലടക്കം ഫിഷ് മാർട്ടുകൾ സ്ഥാപിച്ച് ജനങ്ങൾക്ക് വിഷരഹിത, ഗുണനിലവാരമുള്ളതുമായ ശുദ്ധമത്സ്യ ലഭ്യത ഉറപ്പാക്കുകയാണ് മത്സ്യഫെഡ് വിഭാവനം ചെയ്യുന്നത്.

Author