തിരുവനന്തപുരം : നവകേരളം എല്ലാ ലിംഗവിഭാഗത്തിനും തുല്യമായ ഇടം നൽകുന്നതായിരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ട്രാൻസ് ജൻഡർ വ്യക്തികൾക്ക് നൂതന തൊഴിലുകൾ ലഭ്യമാക്കാനുള്ള നോളേജ് ഇക്കോണമി മിഷന്റെ പ്രൈഡ് പദ്ധതിയുടെ ഭാഗമായുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംഘടനപ്രതിനിധികൾ, കമ്മ്യൂണിറ്റി ലീഡേഴ്സ്, വോളണ്ടിയേഴ്സ്, എന്നിവർക്കായാണ് സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷൻ ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നത്. തുല്യതയോടെയും സമഭാവനയോടെയും എല്ലാ വ്യക്തികളെയും കാണാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവകേരള സങ്കല്പത്തിന്റെ സവിശേഷത. സംസ്ഥാനത്തിന്റെ സാമ്പത്തികമായിട്ടുള്ള പരിമിതികൾക്കുള്ളിൽ നിന്നുതന്നെ ജനങ്ങളുടെ ജീവിതനിലവാരം വികസിത രാജ്യങ്ങളുടേതിന് തുല്യമായി ഉയർത്തണം എന്നാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ സമ്പദ്ഘടന വിപുലീകരിക്കുവാനും കർമ്മശേഷി കൃത്യമായി വിനിയോഗിക്കാനും നമുക്ക് കഴിയണം എന്ന് മന്ത്രി പറഞ്ഞു. തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും കടന്നുവരുമ്പോൾ നമുക്ക് സ്വന്തം ജീവിതത്തിലും കുടുംബത്തിനും സംഭാവന ചെയ്യാൻ സാധിക്കും.അത്തരം കാര്യങ്ങളെക്കുറിച്ച് വളരെ ഗൗരവപൂർണമായി ചിന്തിക്കാൻ ഈ മൂന്നു ദിവസത്തെ ശില്പശാല സഹായിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായ ചടങ്ങിൽ കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം മാനേജർമാരായ പ്രിജിത്,നിധീഷ് എന്നിവർ സംസാരിച്ചു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം വോളന്റീർമാർ പങ്കെടുക്കുന്ന പരിശീലന പരിപാടി ഏപ്രിൽ 29നു വൈകിട്ട് സമാപിക്കും.
Report : Vijin Vijayappan