മെഡിസെപ്പ് വഴി ഇതുവരെ 591 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കി
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ്പ് നിലവിൽ വന്ന് 10 മാസത്തിനുള്ളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പദ്ധതി പ്രയോജനപ്പെടുത്തിയതായി സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ.
’10 മാസത്തിനുള്ളിൽ രണ്ട് ലക്ഷം പേർ മെഡിസെപ് പ്രയോജനപ്പെടുത്തും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 2,20,000ത്തിൽപ്പരം പേരാണ് ആകെ 591 കോടി രൂപയുടെ ചികിത്സാപരിരക്ഷാ ആനുകൂല്യം ഇതേവരെ പ്രയോജനപ്പെടുത്തിയത്. ഇതൊരു ചരിത്ര സംഭവമാണ്,’ മെഡിസെപ് പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മന്ത്രി പറഞ്ഞു.
ലോകത്ത് ഒരിടത്തും മെഡിസെപിന് തുല്യമായ ആരോഗ്യപരിരക്ഷാ പദ്ധതി ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 21 വയസ് മുതൽ 104 വയസ് വരെയുള്ളവർ പങ്കാളികളായ, പ്രതിമാസം വെറും 500 രൂപ മാത്രം ഈടാക്കുന്ന, 1000 ത്തിൽപ്പരം രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി ലോകത്ത് ആദ്യമായാണ്. ലോകമൊട്ടുക്കും ആശുപത്രി, ചികിത്സാ ചെലവുകൾ വളരെ ഉയർന്നതാണ്. പല്ലിന് റൂട്ട് കനാൽ ചെയ്യണമെങ്കിൽ പോലും പ്രവാസി മലയാളികൾ നാട്ടിലെ ആശുപത്രികളെയാണ് ആശ്രയിക്കാറ്. ആ സ്ഥിതിയിലാണ് ഇത്രയും ചുരുങ്ങിയ പണം ഈടാക്കി 31 ലക്ഷത്തോളം പേർക്ക് പ്രയോജനം ചെയ്യുന്ന മെഡിസെപ് ആവിഷ്‌കരിച്ചത്, മന്ത്രി പറഞ്ഞു.
കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായി കൂടുതൽ കാര്യങ്ങൾ ചെയ്യും. ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും. പ്രായമായവരുടെ അംഗസംഖ്യ വർധിക്കുകയും തൊഴിലെടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്യുന്ന കേരളത്തിൽ അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള ആരോഗ്യ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആകെ 2,20,860 ക്ലെയിമുകളിലായി 591,42,70,739 രൂപയുടെ പരിരക്ഷയാണ് ഇതുവരെ അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 18,153 എണ്ണവും അംഗീകരിച്ച തുക 39,52,04,198 രൂപയുമാണ്. സ്വകാര്യമേഖലയിൽ 202,707 ക്ലെയിമുകളിലായി 551,90,66,541 രൂപ അംഗീകരിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള പാക്കേജ് വിഭാഗത്തിൽ 1853 ക്ലെയിമുകളിലായി 38,18,06,928 രൂപ അംഗീകരിച്ചു. പരിപാടിയിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മാതൃകാപരമായ പദ്ധതിയായ മെഡിസെപ് ജനങ്ങൾക്കിടയിൽ അങ്ങേയറ്റം സ്വീകാര്യമായി കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.