അടിസ്ഥാന സൗകര്യ വികസനത്തിൽ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി വാട്ടർ മെട്രോ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ കേരളത്തിന്റേതായ പദ്ധതികൾ രാജ്യത്തിനാകെ മാതൃകയാണ്. നാടിന്റെ മുന്നേറ്റത്തില്‍ നാം കാണിച്ച ഒരുമയും ഐക്യവുമാണ് പ്രതിന്ധികളെ മറികടക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഒരുമയും ഐക്യവും രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും പ്രകൃതിദുരന്തവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള പ്രതിസന്ധികൾക്ക് മുമ്പില്‍ തകര്‍ന്ന് പോകാതെ കൂടുതല്‍ മികവോടെ നാടിനെ മുന്നോട്ട് കൊണ്ടുപോകുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. കിഫ്ബി മുഖേന നിരവധി വികസന പദ്ധതികൾ പ്രാവർത്തികമാക്കി. 80,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നതെനും മുഖ്യമന്ത്രി പറഞ്ഞു. ഈ ബൈപ്പാസ് പേരാമ്പ്രക്കാര്‍ക്ക് മാത്രമല്ല, പേരാമ്പ്രയിലൂടെ കടന്നു പോകുന്ന എല്ലാവര്ക്കും അത്യന്തം ഗുണകരമാണ്. വികസന കാര്യത്തില്‍ ഒരുമിച്ച് നില്ക്കാന് സാധിക്കണമെന്നും വികസനങ്ങൾ ഇന്നത്തെ നാടിന് വേണ്ടി മാത്രമല്ല നാളത്തെ നാടിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ കോഴിക്കോട് ജില്ലയ്ക്കുള്ള സമ്മാനമാണ് പേരാമ്പ്ര ബൈപാസെന്നും അതിലൂടെ ഒരു നാടിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടുവെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആക്സിലറേറ്റഡ് പി.ഡബ്ലൂ.ഡി യിൽ ഉൾപ്പെടുത്തി ബൈപ്പാസിന്റെ നിർമ്മാണ ഘട്ടത്തിൽ പ്രവൃത്തി പുരോഗതി മാസം തോറും വിലയിരുത്തിയിരുന്നു. ബൈപ്പാസ് യഥാർഥ്യമായതോടെ നാദാപുരത്തുനിന്നും കുറ്റ്യാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കും, കണ്ണൂർ എയർപോർട്ടിലേക്കും പോകുന്നവർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.