ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരം : യുകെ സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി

Spread the love

യുകെയിലെ ദന്തല്‍ മേഖലയിലെ സംഘമെത്തുന്നത് ഇതാദ്യം.

യുകെയിലെ ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യു.കെ പ്രതിനിധി സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. നോര്‍ക്ക യു.കെ. കരിയര്‍ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം സെക്രട്ടറിയേറ്റില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജും സംഘവും യുകെയില്‍ നടത്തിയ ചര്‍ച്ചകളുടെ അനുബന്ധമായാണ് സംഘം കേരളത്തിലെത്തിയത്. യുകെയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്നും ഇത്രയും സീനിയര്‍ പ്രധിനിധികള്‍ ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്.

ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരമൊരുക്കാന്‍ തടസമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി സംഘത്തോട് അഭ്യര്‍ത്ഥിച്ചു. യുകെയില്‍ ദന്തിസ്ട്രി പ്രാക്ടീസ് ചെയ്യുന്നതിന് ജനറല്‍ ദന്തല്‍ കൗണ്‍സില്‍ നടത്തുന്ന ഓവര്‍സീസ് രജിസ്‌ട്രേഷന്‍ എക്‌സാം അഥവാ ഒ.ആര്‍.ഇ. വിജയിക്കേണ്ടതായിട്ടുണ്ട്. വര്‍ഷാവര്‍ഷം നൂറുകണക്കിന് ബിഡിഎസ്, എംഡിഎസ് ബിരുദധാരികള്‍ ഒ.ആര്‍.ഇ.യില്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഒ.ആര്‍.ഇ.യ്ക്ക് കൂടുതല്‍ സ്ലോട്ടുകള്‍ അനുവദിക്കുക, എക്‌സാം ഫീസ് മെഡിക്കല്‍ മേഖലയിലെ ലൈസന്‍സിംഗ് എക്‌സാമായ പ്ലാബിന് സമാനമായി കുറയ്ക്കുക, പാര്‍ട്ട് ഒന്ന് എക്‌സാമിന്റെ കേന്ദ്രം കേരളത്തില്‍ അനുവദിക്കുക എന്നിവയാണ് പ്രധാനമായി സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടത്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

യുകെ സര്‍ക്കാരിനോട് ചര്‍ച്ച ചെയ്ത് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് യുകെ സംഘം അറിയിച്ചു. യുകെയില്‍ ധാരാളം ദന്തിസ്റ്റുകളെ ആവശ്യമാണ്. ഈ മെഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ ധാരാളം ദന്തിസ്റ്റുകള്‍ക്ക് അവസരം ലഭിക്കുകയും ദന്ത ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്യും. ഫാര്‍മസി, പ്രൈമറി കെയര്‍, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളിലെ കുടിയേറ്റ പ്രശ്ങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

യു.കെ.യിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിലെ, അന്താരാഷ്ട്ര വര്‍ക്ക്‌ഫോഴ്‌സ് മേധാവി ഡേവ് ഹെവാര്‍ത്ത്, വെയില്‍സ് ആരോഗ്യ വകുപ്പ് മേധാവി ഇയാന്‍ ഓവന്‍, നാവിഗോ ഡെപ്യൂട്ടി ചീഫ് മൈക്ക് റീവ്, നാവിഗോ കണ്‍സല്‍റ്റന്റ് സൈക്യാട്രിസ്റ്റ് ജോജി കുര്യാക്കോസ്, ഇംഗ്ലണ്ടിലെ ഓഫീസ് ഓഫ് ചീഫ് ഡന്റല്‍ ഓഫീസറുടെ ക്ലിനിക്കല്‍ പോളിസി ലീഡ് ദിവ്യേഷ് പട്ടേല്‍, വെസ്റ്റ് പരേഡ് ഡെന്റല്‍ കെയറിലെ പാര്‍ട്ട്ണര്‍ കപില്‍ സാങ്ഗ്വി, ലിംങ്കന്‍ഷെയര്‍ ഡെന്റല്‍ കമ്മിറ്റി ചെയര്‍മാന്‍ കെന്നി ഹ്യൂം, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ പ്രതിനിധി ഡോ. നൈജല്‍ വെല്‍സ് (എക്‌സിക്യൂട്ടീവ് മെഡിക്കല്‍ ഡയറക്ടര്‍) ഡോ. മാരി മില്ലര്‍, കരോലിന്‍ ഹെവാര്‍ഡ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

നോര്‍ക്ക റൂട്ട്സില്‍ നിന്നും റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജോ. ഡയറക്ടര്‍ ഡോ. അനിതാ ബാലന്‍, കേരള ദന്തല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, ഡോ. മാത്യൂസ് നമ്പേലി എന്നിവരും പങ്കെടുത്തു.

യുകെ. സംഘം സംസ്ഥാനത്തെ വിവിധ ദന്തല്‍ കോളേജുകള്‍, ദന്തല്‍ ക്ലിനിക്കുകള്‍, ദന്തല്‍ ലാബുകള്‍ എന്നിവ സന്ദര്‍ശിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *