ആശുപത്രികളില്‍ എനര്‍ജി ഓഡിറ്റ് നടത്തും : മന്ത്രി വീണാ ജോര്‍ജ്

Spread the love

തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ വര്‍ഷം സൗരോര്‍ജ പാനല്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ എനര്‍ജി ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പല ആശുപത്രികളും വളരെയേറെ പഴക്കമുള്ളതായതിനാല്‍ വയറിംഗും മറ്റും പഴക്കമുള്ളതുണ്ടാകാം. അതിനാല്‍ തന്നെ വളരെയധികം വൈദ്യുതി ആവശ്യമായി വരും. ഇതിനൊരു പരിഹാരമായി

സമാന്തര ഊര്‍ജം കണ്ടെത്തും. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ വര്‍ഷം തന്നെ സൗരോര്‍ജ പാനല്‍ സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രധാന ആശുപത്രികളിലും രണ്ടു വര്‍ഷം കൊണ്ട് സോളാര്‍ പാനല്‍ സ്ഥാപിക്കും. ഇതിലൂടെ വൈദ്യുതി ചെലവ് വലിയ രീതിയില്‍ ലാഭിക്കാനും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഐക്കോണ്‍സിന്റെ സമ്പൂര്‍ണ സൗരോര്‍ജ പ്ലാന്റിന്റേയും രജത ജൂബിലി കവാടത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഐക്കോണ്‍സില്‍ വലിയ രീതിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ചുറ്റുമതിലോടുകൂടി മനോഹരമായി കാമ്പസിനെ മാറ്റി. 4000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതിലൂടെ ഐക്കോണ്‍സിന് പുതിയ കോഴ്‌സ് ആരംഭിക്കാന്‍ സാധിക്കും. ഐക്കോണ്‍സില്‍ 18.47 ലക്ഷം രൂപ ചെലവഴിച്ച് 25 കിലോ വാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിച്ചു. ഒരു ദിവസം 125 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ വൈദ്യുതി ചാര്‍ജ് വളരെ ലാഭിക്കാന്‍ സാധിക്കും. ഷൊര്‍ണൂറിലെ ഐക്കോണ്‍സില്‍ കൂടി സോളാര്‍ പാനല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു വര്‍ഷം 25 ലക്ഷത്തോളം രൂപ ലാഭിക്കാനാകും. ആരോഗ്യ മേഖലയിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐക്കോണ്‍സ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.

കേരളത്തില്‍ ആദ്യമായി ഐക്കോണ്‍സില്‍ ടിഎംഎസ് സംവിധാനം സ്ഥാപിക്കുന്നു. മസ്തിഷ്‌കാഘാതവും മസ്തിഷ്‌ക ക്ഷതവും ഉണ്ടായി പലതരത്തിലുള്ള ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൃത്യമായ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും അവസരം നല്‍കുന്ന നൂതന ചികിത്സയാണിത്.

വാര്‍ഡ് കൗണ്‍സിലര്‍ എസ്. സുരേഷ് കുമാര്‍, ഐക്കോണ്‍സ് ഡയറക്ടര്‍ ഡോ. സഞ്ജീവ് വി. തോമസ്എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *