പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിത യന്ത്രവത്കൃത മത്സ്യബന്ധന രീതിയിലേക്ക് പരിവർത്തനം ചെയ്യാനും, ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കി മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുമാണ് സർക്കാരിന്റെ പദ്ധതി.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ഒരു യാനത്തിൻറെ വില 1.57 കോടി രൂപയായിരുന്നു. അതിൽ 40% സർക്കാർ സബ്സിഡിയും (24% കേന്ദ്ര വിഹിതവും 16% സംസ്ഥാന വിഹിതവും) 60% ഗുണഭോക്തൃ വിഹിതവുമാണ്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ സബ്സിഡി കൂടാതെ ഓരോ യൂണിറ്റിനും എൽഡിഎഫ് സർക്കാർ 30.06 ലക്ഷം (ഗുണഭോക്ത്യ വിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 5% പലിശ നിരക്കിൽ വായ്പയായും നൽകി. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയെ പുരോഗതിയിലേക്ക് നയിക്കാനുമുതകുന്ന ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. വിതരണം ചെയ്ത 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ ഇതിനുള്ള ദൃഷ്ടാന്തമാണ്.