എഐ ക്യാമറ,കെ.ഫോണ്‍ അഴിമതി; കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുമെന്ന് കെ.സുധാകരന്‍ എം.പി

Spread the love

കോടികള്‍ കട്ടുമുടിക്കാന്‍ ആവിഷ്കരിച്ച എഐ ക്യാമറ,കെ.ഫോണ്‍ തുടങ്ങിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി.

ജുഡീഷ്യല്‍ അന്വേഷണമെന്ന കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഭയം ഉള്ളത് കൊണ്ടാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയതിന്‍റെ തെളിവുകള്‍ പുറത്ത് വന്നിട്ടും അതിന് മറുപടി പറയാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നത്. തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന നെറികേടിനും സാമ്പത്തിക കൊള്ളയ്ക്കും കുടപിടിയ്ക്കാനും ജയ് വിളിക്കാനും പൊതുജനം സിപിഎമ്മിന്‍റെ അടിമകളല്ല.കൊടിയ ദാരിദ്ര്യത്തിലും മുണ്ടുമുറുക്കി പണിയെടുത്ത് നികുതി കെട്ടുന്ന പൊതുജനത്തിന്‍റെ പണമാണ് സംഘം ചേര്‍ന്ന് കൊള്ളയടിക്കുന്നത് . അതിന് മുഖ്യമന്ത്രി കണക്ക് പറഞ്ഞെ മതിയാകു. ആ ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. നിയമപരമായ പോരാട്ടങ്ങള്‍ക്കൊപ്പം ജനങ്ങളുടെ രോഷം ആളികത്തുന്ന സമരപരമ്പരകള്‍ കോണ്‍ഗ്രസ് തെരുവിലേക്കും വ്യാപിപ്പിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

പെറ്റിയടിച്ച് ജനത്തെ പിഴിഞ്ഞ് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഇറങ്ങിയവരാണ് പിണറായി വിജയനും കൂട്ടരും. ജനത്തെ വെല്ലുവിളിച്ച് അടിമുടി അഴിമതിയില്‍ മുങ്ങിയ പദ്ധതി അതിവേഗം നടപ്പാക്കരുത്.അതിലെ സത്യാവസ്ഥ പുറത്തുവരുന്നത് വരെ പെറ്റി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണം.ക്യാമറ, കെ.ഫോണ്‍ പദ്ധതികളുടെ മറവില്‍ കോടികള്‍ കമ്മീഷന്‍ ലഭിക്കുന്ന ഇടപാട് നടന്നെന്ന് പൊതുജനത്തിന് മനസിലായിട്ടുണ്ട്.അതിന്‍റെ ജാള്യതയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ചോദ്യത്തില്‍ നിന്നും ഓടിഒളിക്കുന്നതും സിപിഎം നേതാക്കള്‍ വിടുവായത്തം വിളമ്പി കരാറുകളെ ന്യായീകരിക്കുന്നതും. അടിമുടി ക്രമക്കേടിലും അഴിമതിയിലും രൂപകല്‍പ്പന ചെയ്ത പദ്ധതി ഇടപാടിനെ ന്യായീകരിക്കുന്ന സിപിഎം നേതാക്കള്‍ വിഡ്ഢി വേഷം കെട്ടി സ്വയം പരിഹാസ്യരാവുകയാണ്.

എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് രണ്ടു വര്‍ഷം മുന്നെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനായ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അറിയാമായിരുന്നു.ഇക്കാര്യം എസ്.ആര്‍. ഐ.ടിയില്‍ നിന്നും ഉപകരാര്‍ ലഭിച്ച അല്‍ഹിന്ദ് എന്ന കമ്പനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അന്ന് അത് പരിശോധിക്കാന്‍ തയ്യാറാകാത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോള്‍ നടത്തുന്ന അന്വേഷണം എത്രത്തോളം പ്രഹസനമാകുമെന്ന് ഇതിലൂടെ ഉൗഹിക്കാവുന്നതേയുള്ളു.ജനങ്ങളുടെ കണ്ണില്‍പ്പെടിയിടുന്ന അന്വേഷണവും കുറെ വായ്ത്താരിയും നടത്തി തടിത്തപ്പാമെന്നത് വെറും വ്യാമോഹമാണ്.നഷ്ടപ്പെട്ടത് ജനങ്ങളുടെ പണമാണ്.പദ്ധതിയുടെ മറവില്‍ കോടികള്‍ കമ്മീഷനായി അടിച്ചുമാറ്റിയ ശേഷം പിഴത്തുകയുടെ പേരില്‍ ജനങ്ങളെ പിടിച്ചുപറിച്ച് പള്ളവീര്‍പ്പിക്കാനുള്ള നീക്കം പ്രതിപക്ഷം കയ്യോടെ പിടി കൂടിയത് കൊണ്ടാണ് കൊടിയ അഴിമതി പുറത്ത് വന്നത്.

അഴിമതിയുടെ മണമുള്ള കമ്മീഷന്‍ സര്‍ക്കാരാണ് പിണറായി വിജയന്‍റേത്. പലപദ്ധതികളും രൂപകല്‍പ്പന ചെയ്തത് അത്തരത്തിലാണ്. സര്‍ക്കാരിന്‍റെ പണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ നേട്ടം കടലാസ് കമ്പനികളുടെ അക്കൗണ്ടിലേക്ക് പോകുന്ന വിചിത്ര വ്യവസ്ഥയാണ് കണ്‍സോര്‍ഷ്യം വെട്ടിപ്പ്. എഐ ക്യാമറ പദ്ധതിയില്‍ കോടികള്‍ കൊള്ളയടിക്കാന്‍ ഉണ്ടാക്കിയ കണ്‍സോര്‍ഷ്യം തട്ടിപ്പാണ് കെ.ഫോണിലുമുള്ളത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ച കണ്‍സോര്‍ഷ്യം അംഗമായ പ്രസാഡിയോ കമ്പനി രണ്ടാം പിണറായി സര്‍ക്കാരിലേക്ക് എത്തുമ്പോഴെക്കും നേടിയ സാമ്പത്തിക വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്.ഇൗ പദ്ധതികളുടെ ഗുണഭോക്താക്കളായ കമ്പനികള്‍ തമ്മില്‍ പരസ്പരം ബിസിനസ് പങ്കാളിത്തമുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുവുമായി അടുത്ത ബന്ധമുള്ള പ്രസാഡിയോ കമ്പനിക്ക് ഒരു രൂപ മുതല്‍മുടക്കോ നിക്ഷേപമോ ഇല്ലാതെ 60 ശതമാനം ലാഭം സ്വന്തമാക്കാന്‍ കളമൊരുക്കിയ കരാറിന്‍റെ പിന്നിലെ ബാഹ്യശക്തി ഏതാണെന്നും കണ്ടെത്തേണ്ടതുണ്ട്. പുറത്ത് വന്ന രേഖകള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാണെന്ന് ബോധ്യപ്പെടും. പ്രതിപക്ഷ ആരോപണത്തിന് ഉത്തരം പറയില്ലെന്ന വെല്ലുവിളി കലര്‍ന്ന നിലപാട് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പുറത്ത് വിട്ടത് വെറും ജലരേഖകളല്ല. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് ഉപകരാര്‍ ലഭിച്ച ലെെറ്റ് മാസ്റ്റേഴ്സ് ലെെറ്റിങ് ,അല്‍ഹിന്ദ് കമ്പനികളുടെ തുറന്ന് പറച്ചിലുകള്‍.
ക്യാമറ പദ്ധതിയുടെ മുഴുവന്‍ ഉപകരണങ്ങളും വാങ്ങി സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിയും ഉള്‍പ്പെടെ കെല്‍ട്രോണ്‍ 151 കോടിക്ക് എസ്.ആര്‍.ഐ.ടിക്ക് നല്‍കിയത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ യോഗ്യതയില്ലാത്ത ഇതേ കമ്പനി അതേ വ്യവസ്ഥകളോടെ ലെെറ്റ് മാസ്റ്റേഴ്സ് ലെെറ്റിങിന് 75 കോടിക്ക് പര്‍ച്ചേഴ്സ് ഓഡര്‍ നല്‍കിയതും ട്രോയ്സ് കമ്പനിക്ക് 57 കോടിയ്ക്ക് ഫിനാന്‍ഷ്യല്‍ പ്രപ്പോസല്‍ നല്‍കിയതും പുറത്ത് വന്ന രേഖകളില്‍ നിന്ന് വ്യക്തമാണ്.അഴിമതിയില്‍ മുങ്ങിയ മഞ്ഞുമലയുടെ അറ്റംമാത്രമാണ് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍.നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ കൂടുതല്‍ സത്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂയെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *