ഇ-ടാപ്പ് വഴി ഇതുവരെ നൽകിയത് 57,548 കുടിവെള്ള കണക്ഷനുകൾ

Spread the love

വാട്ടർ കണക്ഷൻ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ ലഭിക്കുന്നതിനുമായി നടപ്പാക്കിയ ഉപഭോക്തൃ സൗഹൃദ വെബ് അപ്ലിക്കേഷൻ ഇ-ടാപ്പ് (eTapp) വഴി ഇതുവരെ നല്കിയത് 57,548 കണക്ഷനുകൾ. ജല അതോറിററി ഓഫീസുകളിൽ എത്താതെതന്നെ കുടിവെള്ള കണക്ഷന് അപേക്ഷ നൽകാം എന്നതാണ് ഇ-ടാപ്പിന്റെ പ്രത്യേകത. അപേക്ഷ നൽകുന്നതു മുതൽ കുടിവെള്ള കണക്ഷൻ ലഭ്യമാകുന്നതുവരെയുള്ള സേവനങ്ങൾ മൊബൈലിലൂടെ ഉപഭോക്താവിന് ലഭിക്കും. കണക്ഷന് വേണ്ടിയുള്ള തുക ഓൺലൈനായി തന്നെ അടയ്ക്കാമെന്നതിനാൽ ഇടനിലക്കാരുടെ തട്ടിപ്പിന് വിധേയരാവുകയുമില്ല.

2022 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 1,08,564 അപേക്ഷകൾ ലഭിച്ചു. 77 ശതമാനം അപേക്ഷകളിൽ കുടിവെള്ള കണക്ഷനുകൾ നൽകി. 20,187 അപേക്ഷകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 25,870 എണ്ണം തള്ളി.

അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ നഗരപരിധിയിൽ 12 ദിവസത്തിനകവും ഗ്രാമീണ മേഖലയിൽ 25 ദിവസത്തിനുള്ളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കും. ആപ്ലിക്കേഷൻ വഴി ഇതുവരെ ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്, 13,482. എറണാകുളം (12,659), കോഴിക്കോട്(6,657) എന്നിങ്ങനെയാണ് കണക്ക്. അപേക്ഷകൾ ലഭിച്ചു കഴിഞ്ഞാൽ അംഗീകൃത പ്ലമ്പർമാർക്ക് ജോലികൾ വിതരണം ചെയ്യുന്നു.

അപേക്ഷകൾ സമർപ്പിക്കുന്നതിന് ഉപഭോക്താക്കൾ അവരുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് ഇ-ടാപ്പ് (eTapp) വെബ് പോർട്ടലിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കണം. ഈ അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ മൊബൈൽ നമ്പർ നിർബന്ധമാണ്.

കേരള വാട്ടർ അതോറിറ്റി വെബ്സൈറ്റിൽ(www.kwa.kerala.gov.in) ഇ-ടാപ്പ് ലോഗിൻ പേജിൽ കാണുന്ന ‘ക്രിയേറ്റ് ന്യൂ അക്കൗണ്ട്’ എന്ന ലിങ്ക് വഴിയാണ് അക്കൗണ്ട് സൃഷ്ടിക്കേണ്ടത്. ഈ അക്കൗണ്ട് ഉപയോഗിച്ച് വിവിധ സേവനങ്ങൾക്കായി അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുവാനും സാധിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *