പഠനം ഇനി കളറാകും: നെടുമങ്ങാട് നഗരസഭ ബഡ്‌സ് സ്കൂളിൽ വെർച്വൽ തെറാപ്പി യൂണിറ്റ്

Spread the love

നെടുമങ്ങാട് നഗരസഭ ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ പഠനവും വിനോദവും ഇനി വെർച്വൽ റിയാലിറ്റിയുടെ ലോകത്ത്. അവർക്കിനി ക്ലാസ്സ്‌ മുറിയിൽ ഇരുന്നുകൊണ്ട് കടകളിൽ നിന്നും ഷോപ്പ് ചെയ്യാം, പാർക്കിൽ കളിക്കാം, ബീച്ചിൽ മൺവീട് കെട്ടാം. ഭിന്നശേഷി കുട്ടികളുടെ പഠനം കൂടുതൽ മികവുള്ളതാക്കാൻ സ്കൂളിൽ സ്ഥാപിച്ച ഓട്ടികെയർ വെർച്വൽ തെറാപ്പി യൂണിറ്റ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്ക് ഈ വെർച്വൽ തെറാപ്പി യുണിറ്റ് ഏറെ സഹായമാകുമെന്ന് മന്ത്രി പറഞ്ഞു. യൂണിറ്റിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അധ്യാപകർക്കൊപ്പം രക്ഷിതാക്കളും തയാറാകണമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ സാമൂഹികവും മാനസികവും ബുദ്ധിപരവുമായ വികാസം വെർച്വൽ തെറാപ്പിലൂടെ സാധിക്കും. കൂടാതെ കുട്ടികൾക്ക് ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകമാക്കാനും ഇത് സഹായകമാകും.

ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പ്‌ സംരംഭമായ എംബ്രൈറ്റ് ഇൻഫോടെക്കാണ് ഓട്ടികെയർ വെർച്വൽ തെറാപ്പി യുണിറ്റ് സ്കൂളിൽ സജ്ജീകരിച്ചത്. മാർച്ച്‌ മാസം മുതൽ അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകി. എട്ട് ലക്ഷം രൂപ ഇതിനായി നഗരസഭ ചെലവഴിച്ചു.

ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി കേരളത്തിൽ ആദ്യമായാണ് ഒരു നഗരസഭ വെർച്വൽ തെറാപ്പി സംവിധാനം ഒരുക്കുന്നത്. നഗരസഭ പരിധിയിൽ നിന്നും 26 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. 2022 പ്രവർത്തനം ആരംഭിച്ച ബഡ്‌സ് സ്കൂളിന്റെ വാർഷിക ആഘോഷവും പരിപാടിയുടെ ഭാഗമായി നടന്നു. നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ അധ്യക്ഷയായി.

Author

Leave a Reply

Your email address will not be published. Required fields are marked *