ന്യൂജേഴ്‌സി : നോർത്ത് അമേരിക്കയിലെ പ്രശസ്ത കലാസാംസ്കാരിക സംഘടനയായ മിത്രാസിന്റെ ഈ വർഷത്തെ മികച്ച ഇന്ത്യൻ ക്ലാസിക്കൽ നർത്തകനുള്ള പുരസ്കാരം ശ്രീ ആർ എൽ വി ആനന്ദിന്. ഈ മാസം ആറാം തിയ്യതി അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ഗുരുവും നർത്തകനുമായ ആർ എൽ വി ആനന്ദിന് പ്രശസ്ത വ്യവസായിയും കലാസ്നേഹിയുമായ ദിലീപ് വർഗീസ് പുരസ്കാരം സമ്മാനിച്ചു. പ്രശസ്തിപത്രവും, ശില്പവും അടങ്ങുന്ന പുരസ്ക്കാരം ഏറ്റുവാങ്ങിയതിനു ശേഷം, ഇത് തന്റെ കലാജീവിതത്തിനു ലഭിക്കുന്ന അമൂല്യമായ അംഗീകാരങ്ങളിൽ ഒന്നാണെന്നും, ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന് അമേരിക്കയിൽ ലഭിക്കുന്ന വലിയ സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി
തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ ജനിച്ച ശ്രീ ആനന്ദ് ചെറുപ്പം മുതലേ തന്റെ ജീവിതം കലക്കുവേണ്ടി മാറ്റിവച്ചിട്ടുള്ളതും ശാസ്ത്രീയനൃത്തം തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടക്കുന്നതുമാണ്. തൃപ്പൂണിത്തറയിലെ പ്രസ്തമായ ആർ എൽ വി കോളേജിൽ നിന്നും ഭരതനാട്യത്തിൽ ബിരുദവും ബിരുദാനന്തബിരുദവും നേടിയ ഗുരു ആനന്ദ്, രാമായണം, പാഞ്ചാലി വസ്ത്രാക്ഷേപം, ഗീതോപദേശം, വൈശാലി, മഹിഷാസുര മർദ്ദനം തുടങ്ങി നിരവധി നൃത്തങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
കാവ്യ മാധവൻ, അനു സിതാര എന്നിവരുൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർഥി സമ്പത്തുള്ള ഗുരുവിനു സംഗീത നാടക അക്കാദമി അവാർഡ്, നാട്യാചാര്യരത്നം, ആചാര്യചൂഡാമണി, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളതാണ്. ചടങ്ങിൽ മിത്രാസ് ചെയർമാൻ ശ്രീ രാജൻ ചീരൻ, പ്രസിഡന്റ് ഷിറാസ് യൂസഫ് , ഡയറക്ടർമാരായ ജെംസൺ കുര്യാക്കോസ്, ശാലിനി രാജേന്ദ്രൻ, ശോഭ ജേക്കബ്, സ്മിത ഹരിദാസ്, പ്രവീണ മേനോൻ എന്നിവരും സന്നിഹിതരായിരുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഗുരു ആർ എൽ വി ആനന്ദ് സംവിധാനം ചെയ്‌ത് അമേരിക്കയിലെ പ്രശസ്ത നർത്തകികൾ അവതരിപ്പിച്ച ഭാവയാമി എന്ന നൃത്തനാടകവും വിജയകരമായി അരങ്ങേറുകയുണ്ടായി.
Report : Jinesh Thampi,