യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പൊലീസ് കുറ്റകരമായ അനാസ്ഥ കാട്ടിയിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വിചിത്രം- പ്രതിപക്ഷ നേതാവ്

Spread the love

യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പൊലീസ് കുറ്റകരമായ അനാസ്ഥ കാട്ടിയിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വിചിത്രം; ആര്‍ക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തും; ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിനനുസരിച്ച് ആരോഗ്യ മന്ത്രി പ്രതികരിക്കണം.

(ഡോ. വന്ദനദാസിന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് 11/05/2023)

കോട്ടയം :  ഏക മകളുടെ നഷ്ടം വന്ദനയുടെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നികത്താനാകില്ല. രോഗികളെ ശുശ്രൂഷിക്കാന്‍ പോയ മകള്‍ മൃതശരീരമായി വീട്ടിലെത്തുന്നത് ഒരു മാതാപിതാക്കള്‍ക്കും സഹിക്കാനാകില്ല. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായിട്ടും അതില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങളാണ് അവരിപ്പോള്‍ കണ്ടുപിടിക്കുന്നത്. എ.ഡി.ജി.പി പറഞ്ഞതും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നതും വ്യത്യസ്തമാണ്. കൊലയാളിയെ വാദിയെ പോലെയാണ് പൊലീസ് അവതരിപ്പിക്കുന്നത്. മയക്ക് മരുന്നിന് അടിമയായ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം അയാളുടെ കൈ പോലും കെട്ടാതെ ഒരു ഹോം ഗാര്‍ഡിനൊപ്പമാണ് ഡോക്ടറുടെ മുന്നിലെത്തിച്ചത്. അതിക്രമം കാട്ടിയപ്പോള്‍ ഈ കുട്ടി മാത്രം ഒറ്റപ്പെടുകയും പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഓടി മുറിയില്‍ കയറുകയും ചെയ്തു.

മരണമടഞ്ഞ പെണ്‍കുട്ടിക്ക് പരിചയക്കുറവാണെന്ന് പറയുന്ന നിലയിലേക്ക് മന്ത്രി തരംതാഴരുതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പരിചയക്കുറവാണെന്ന് പ്രതികരിച്ചത്? ആര്‍ക്കാണ് പരിചയക്കുറവെന്നത് ജനം വിലയിരുത്തും. വന്ദനയുടെ മരണം ആ കുടുംബത്തില്‍ മാത്രമല്ല, മക്കളെ സ്‌നേഹിക്കുന്ന എല്ലാ മാതാപിതാക്കളുടെയും മനസില്‍ വലിയൊരു മുറിവാണ് ഉണ്ടാക്കിയിക്കുന്നത്. ഈ മറിവ് വലുതാക്കുന്ന നടപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിക്ക് പോകണമെങ്കില്‍ കരാട്ടെയും കളരിപ്പയറ്റും പഠിക്കണമോ? എന്ത് പരിചയക്കുറവാണ് ആ കുട്ടിക്കുള്ളത്? എന്ത് പരിചയമാണ് വേണ്ടത്? എത്ര ന്യായീകരിച്ചാലും മന്ത്രി പറഞ്ഞത് എന്താണെന്ന് കേരളം കേട്ടതാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിന് അനുസരിച്ച് വേണം മന്ത്രി പ്രതികരിക്കേണ്ടത്.

മയക്ക് മരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം വ്യാപകമായി വര്‍ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ആശുപത്രിയിലെ കാഷ്വാലിറ്റികളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ ആവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ അക്രമകാരിയായ ക്രിമിനലിനെ ഒരു പെണ്‍കുട്ടിയുടെ മുന്നിലേക്കിട്ടുകൊടുക്കുകയാണ് പൊലീസ് ചെയ്തത്. ഇയാള്‍ വാദിയാണെന്നാണ് എ.ഡി.ജി.പി പറയുന്നത്. രാത്രി മുഴുവന്‍ ആളുകളെ ഉപദ്രവിച്ചുകൊണ്ടിരുന്ന ഒരു ക്രിമിനല്‍ എങ്ങനെയാണ് വാദിയാകുന്നത്? അനാസ്ഥ മറയ്ക്കാന്‍ പൊലീസ് ഇപ്പോള്‍ പുതിയ തിരക്കഥയുണ്ടാക്കുകയാണ്. ക്രിമിനലിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളൊന്നും എടുക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ വന്ന് ന്യായീകരിക്കുന്നത് വിചിത്രമാണ്.

കേരളത്തിലെ ആശുപത്രികളിലൊന്നും ഒരു കഴപ്പവുമില്ലെന്നാണ് നിയമസഭയില്‍ നല്‍കിയ മറുപടി. പിന്നീട് ഡോക്ടര്‍മാരുടെ സംഘടനകള്‍ പരാതിപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ ആ മറുപടി തിരുത്തിയത്. രാത്രിയില്‍ മിക്ക ആശുപത്രികളിലെയും കാഷ്വാലിറ്റികളില്‍ ഭീതിയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. നിയമസഭയില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.

Author

Leave a Reply

Your email address will not be published. Required fields are marked *