തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Spread the love

2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രിതൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം പാലക്കാടു ജില്ലയിലെ കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. 2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2025 നവംബര്‍ ഒന്നിന് ഇതുമായി ബന്ധപെട്ട് പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത പ്രായാധിക്യം ചെന്നവര്‍, രോഗാതുരത അനുഭവിക്കുന്നവര്‍, ഒറ്റപ്പെട്ടു പോയവര്‍ എന്നിങ്ങനെ വിവിധ സാഹചര്യത്തില്‍ ഉള്‍പ്പെട്ട 64,000-ഓളം പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. 2023 നവംബര്‍ ഒന്നിന് അതിദരിദ്രരായി കണ്ടെത്തിയ എത്ര പേരെ മോചിപ്പിച്ചുവെന്ന് പ്രഖ്യാപിക്കും. ഇവരെ ദരിദ്രാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി വരികയാണ്. ഇതോടൊപ്പം നാടും നാട്ടുകാരും കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെയാണ് സംസ്ഥാനം നീങ്ങുന്നത്. 2016 ന് മുന്‍പ് 600

രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി ഉയര്‍ത്തി കൃത്യമായി കൈയില്‍ കിട്ടുന്ന തരത്തിലേക്ക് മാറ്റാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 62 ലക്ഷത്തിലധികം പേരാണ് നിലവില്‍ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ആരോഗ്യ രംഗത്ത് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 42 ലക്ഷത്തോളം പേരും പെന്‍ഷന്‍ ഗുണഭോക്താക്കളായുണ്ട്. ലൈഫ് മിഷനിലൂടെ 3.7 ലക്ഷത്തോളം വീടുകള്‍ക്ക് സഹായം നല്‍കിയതിലൂടെ 16 ലക്ഷത്തോളം പേരാണ് സ്വന്തമായി വീട് എന്ന സ്വപ്നത്തിലേക്കെത്തിയത്. ഇത്തരത്തില്‍ വിപുലമായ ക്ഷേമപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ജനങ്ങളാണ് സര്‍ക്കാരിന്റെ വിധികര്‍ത്താക്കള്‍. ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി സാമൂഹ്യനീതിയില്‍ അടിസ്ഥാനമായ വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *