പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനം.
കാട്ടാക്കട കോളജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റകൃത്യം; മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ച് യൂത്ത്‌കോണ്‍ഗ്രസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുക്കണം.
തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല തകര്‍ച്ച നേരിടുന്ന കാലമാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാറായിട്ടും എട്ട് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലാതെ ഇന്‍ചാര്‍ജ് ഭരണമാണ് നടക്കുന്നത്. എ.ജി സര്‍വകലാശാല വി.സിയുടെ കാലാവധി ഈ മാസം
അവസാനിക്കാനിരിക്കെ പുതിയ വി.സി തെരഞ്ഞെടുക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് കേസിലെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അവശേഷിക്കുന്ന നാല് സര്‍വകലാശാലകളിലെ വി.സിമാര്‍ക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് രാജിവയ്ക്കുന്നില്ലെന്ന് ചോദിച്ച് ചാന്‍സലര്‍ ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായാണ് കാലാവധി കഴിഞ്ഞ വി.സി തുടരുന്നത്. ഇങ്ങനെ സമീപ ദിവസങ്ങളില്‍ കേരളത്തിലെ 14 സര്‍വകലാശാലകളിലും വി.സിമാര്‍ ഇല്ലാത്ത വിചിത്രമായ അവസ്ഥയുണ്ടാകും.
ഇഷ്ടക്കാര്‍ക്കാരെ ഉപയോഗിച്ചുള്ള ഇന്‍ചാര്‍ജ് ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സാധാരണയായി ഒരു വി.സിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പുതിയ ആളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമം ആരംഭിക്കാറുണ്ട്. വി.സിമാരെ തെരഞ്ഞെടുക്കുന്ന സേര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധികളെ അയയ്ക്കരുതെന്നാണ് സി.പി.എം നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍വകലാശാല പ്രതിനിധി ഇല്ലാതെ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കാനാകില്ല. എന്നിട്ടും സര്‍ക്കാരും ഉന്നത വിദ്യാഭ്യാസമന്ത്രിയും നോക്കുകുത്തിയായി ഇരിക്കുകയാണ്. ഇന്‍ചാര്‍ജുകാരന്‍ നല്‍കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍.
സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരെയും നിയമിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ച് യോഗ്യതയുമുള്ള 43 അധ്യാപകരുടെ പട്ടിക പത്ത് മാസമായി ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ മേശപ്പുറത്തുണ്ട്. മതിയായ യോഗ്യത ഇല്ലാത്തതിനാല്‍ സി.പി.എമ്മിന് വേണ്ടപ്പെട്ട നേതാക്കള്‍ പുറത്തായതു കൊണ്ടാണ് നിയമനം നടത്താതെ ആ പട്ടികയ്ക്ക് മേല്‍ അടയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന് നാല്‍പ്പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കേരളം വിടുന്നത്. നിലവാരത്തകര്‍ച്ചയും നാഥനില്ലാത്ത അവസ്ഥയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗുരുതരാവസ്ഥയിലാക്കിയിരിക്കുകയാണ്. ഒരു കാലത്തും ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇഷ്ടക്കാരെ വയ്ക്കാന്‍ പറ്റാത്തത് കൊണ്ടാണ് വി.സിമാരും പ്രിന്‍സിപ്പല്‍മാരും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കാട്ടാക്കട കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി ജയിച്ച പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി പകരമായി എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയുടെ പേര് സര്‍വകലാശാലയിലേക്ക് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആര് ഭീഷണിപ്പെടുത്തിയിട്ടാണ് പ്രിന്‍സിപ്പല്‍ ഇങ്ങനെ ചെയ്തത്? എസ്.എഫ്.ഐ നേതൃത്വം ക്രിമിനലുകളുടെ കയ്യിലാണ്. അവര്‍ എന്തും ചെയ്യും. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാള്‍ കൗണ്‍സിലറായി രംഗപ്രവേശം ചെയ്യുന്ന സര്‍ക്കാരിന്റെ കാലത്ത് എന്തും നടക്കും. എസ്.എഫ്.ഐ എന്തിനാണ് നാണംകെട്ട പണിക്ക് പോകുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് എസ്.എഫ്.ഐ നേതൃത്വത്തിലുള്ളത്. ജില്ലയിലെ സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെ നടന്ന ആള്‍മാറാട്ടത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണം. ഏത് സംഘടനയില്‍പ്പെട്ട ആളാണെങ്കിലും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ തിരിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കണം. ഇതൊരു ക്രമിനല്‍ കുറ്റവും നാണംകെട്ട നടപടിയുമാണ്. എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സി.പി.എമ്മിന്. ഇങ്ങനെയെങ്കില്‍ ജയിച്ച എം.എല്‍.എ മാറ്റി നിര്‍ത്തി മറ്റൊരാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കാനും സി.പി.എം മടിക്കില്ല.
തിരൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകമ്പടി വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണം. അഞ്ച് പേര്‍ മരണത്തില്‍ നിന്നും അദ്ഭുതകമായാണ് രക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം സാധാരണക്കാരുടെ നെഞ്ചത്ത് കൂടിയാണോ പോകേണ്ടത്? എത്രയോ മുഖ്യമന്ത്രിമാര്‍ കേരളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്.