കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റണം; മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്നു മുഖ്യമന്ത്രി വിജയൻ. ഈ ലക്ഷ്യത്തോടെയായിരിക്കണം ബാങ്കിന്റെ അടുത്ത പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ സംസ്ഥാനത്തെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോർ ബാങ്കിങ് നടപ്പാക്കിയതോടെ കേരള ബാങ്കിന്റെയും പ്രാഥമിക ബാങ്കുകളുടേയും ശാഖകളെ ഇന്റർഫേസ് വഴി ബന്ധിപ്പിച്ച് വിപുലമായ നെറ്റ്‌വർക്ക്‌ രൂപീകരിക്കാൻ കഴിയും. ഇതു ബാങ്കിങ് പ്രവർത്തനത്തെ ഉന്നത മാനങ്ങളിലേക്ക് ഉയർത്തും. ഇതിനുള്ള പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കണം. സംസ്ഥാനമാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കുന്നതിനുള്ള തീരുമാനവും വേഗത്തിൽ പ്രായോഗികമാക്കുന്നതിനു നടപടി സ്വീകരിക്കണം. ഗ്രാമീണ ഇടപാടുകാരിലേക്കു കൂടുതലായി ബാങ്കിങ് സൗകര്യങ്ങൾ എത്തിക്കണം. 2,000 മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കാനുള്ള നടപടികളും വേഗത്തിലാക്കണം. ഇതെല്ലാം പൂർത്തിയാകുമ്പോൾ നാടാകെ ആധുനിക ബാങ്കിങ് സൗകര്യം ലഭ്യമാകും. ഇതു ബാങ്കിന്റെ വലിയതോതിയുള്ള വളർച്ചയ്ക്ക് ഇടയാക്കും.

എൻ.ആർ.ഐ അക്കൗണ്ടുകൾക്ക് അനുമതി ലഭ്യമാകുന്നതോടെ സ്വപ്നംകാണാൻ കഴിയാത്ത വളർച്ച കേരള ബാങ്കിനു കൈവരും. കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ മാറ്റാനുള്ള ശ്രമങ്ങൾക്കു സർക്കാരിൽനിന്നുള്ള സഹായ സഹകരണങ്ങൾ നല്ല തോതിൽ ഉണ്ടാകും. കഴിഞ്ഞ സാമ്പത്തിക വർഷം 1,21,358 കോടി രൂപയുടെ ഇടപാടുകളാണു കേരള ബാങ്ക് വഴി നടന്നത്. തൊട്ടു മുൻ വർഷത്തേക്കാൾ 11,000 കോടി രൂപ കൂടുതലാണിത്. നിക്ഷേപ സമാഹരണത്തിലും വായപാ വിതരണത്തിലും റെക്കോഡ് വളർച്ച കൈവരിക്കാൻ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. മുൻ വർഷത്തേക്കാൾ 4200 കോടിയുടെ വർധന നിക്ഷേപത്തിലുണ്ടായി. ഇത് ഇനിയും വർധിപ്പിക്കണം. കേരള ബാങ്കിനോടുള്ള ജനങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമുണ്ടാകണം. പ്രൈമറി ബാങ്കുകളുടെ ശക്തിയാണു കേരള ബാങ്കിന്റെ കരുത്തെന്നതു മനസിൽവച്ചാകണം പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി കേരള ബാങ്ക് പുറത്തിറക്കിയ KB പ്രൈം മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ബാങ്ക് മിനിസ്റ്റേഴ്സ് ട്രോഫി വിതരണം, എക്സലൻസ് അവാർഡ് വിതരണം, കർഷക അവാർഡ് വിതരണം എന്നിവയും നടന്നു. തിരുവനന്തപുരം കടവിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ്, സം്സ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജൻ, ഐടി ചീഫ് ജനറൽ മാനേജർ എ.ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *