യഥാര്‍ത്ഥ കേരള സ്റ്റോറി അവതരിപ്പിച്ചത് പ്രതിപക്ഷമെന്ന് കെ.സുധാകരന്‍

Spread the love

‘യഥാര്‍ത്ഥ കേരള സ്റ്റോറി’ എന്ന വ്യാജേന സര്‍ക്കാര്‍ കോടികള്‍ മുടക്കി നടത്തിയ പ്രചാരണത്തേക്കാള്‍ വസ്തുതാപരം പ്രതിപക്ഷം അവതരിപ്പിച്ച കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാരിന്റെ വ്യാജപ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിന് പകരം ഹിതപരിശോധ നടത്താന്‍ തന്റേടമുണ്ടോയെന്ന് സുധാകരന്‍ ചോദിച്ചു.

കേരളത്തിന്റെ യഥാര്‍ത്ഥ അവസ്ഥ പ്രതിപക്ഷത്തിന്റെ കുറ്റപത്രം വരച്ചുകാട്ടിയപ്പോള്‍ മുഖ്യമന്ത്രി അവതരിപ്പിച്ച ”യഥാര്‍ത്ഥ കേരളാ സ്റ്റോറി” പെരുംകള്ളവും ഉള്ളിപൊളിച്ചതുപോലെ ശുഷ്‌കവുമായിരുന്നു. മുന്‍ സര്‍ക്കാരുകളുടെ തുടര്‍ച്ചയും കേരളം കാലാകാലങ്ങളായി കൈവരിച്ച നേട്ടങ്ങളും സ്വന്തം പേരിനൊപ്പം ചേര്‍ത്ത് മുഖ്യമന്ത്രി കെട്ടുകാഴ്ചകളായി അവതരിപ്പിച്ചത് പരിഹാസ്യമാണ്. ഏഴുവര്‍ഷമായിട്ടും എടുത്ത് പറയാന്‍ ഒരു നേട്ടമെങ്കിലും ഉണ്ടോയെന്ന് സുധാകരന്‍ ചോദിച്ചു.

പ്രചാരണത്തിനായി ഉയര്‍ത്തികാട്ടിയ ആരോഗ്യ വിനോദസഞ്ചാര മേഖലകളെ മുടുപ്പിച്ചുയെന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ വെച്ച് യുവഡോക്ടര്‍ക്ക് അക്രമിയുടെ കുത്തേറ്റിട്ടും ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രിയിലേക്ക് ഓടേണ്ടിവന്നുയെന്നതാണ് ആരോഗ്യവകുപ്പിന്റെ ദയനീയാവസ്ഥ.

സര്‍ക്കാരിന് ഏറ്റവും അഭിമാനകരമായി മാറേണ്ടിയിരുന്ന എഐ ക്യാമറ പദ്ധതി അഴിമതിയില്‍ മുങ്ങിയതോടെ അതിനെ കുറിച്ച് പ്രചാരണത്തില്‍ പരാമര്‍ശം പോലുമില്ല. പിണറായി സര്‍ക്കാര്‍ ഏറെ തള്ളിമറിച്ച കെ-ഫോണ്‍ പദ്ധതിയുടെ തുക 1028 കോടിയായിരുന്നത് ബന്ധുക്കള്‍ക്ക് 500 കോടി വെട്ടിമാറ്റാന്‍ 1538 കോടിയാക്കി ഉയര്‍ത്തി. പതിനാലായിരം പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനായി ഇത്രയും കോടി മുടക്കിയത് എന്തൊരു വെട്ടിപ്പാണെന്നും സുധാകരന്‍ ചോദിച്ചു.

ഭവനരഹിതര്‍ക്ക് വീടുവെച്ച് നല്‍കേണ്ട ലൈഫ് മിഷന്‍ പദ്ധതി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിര്‍ജ്ജീവമായി. ഒരുവര്‍ഷം കൊണ്ട് 1.35 ലക്ഷം വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചതായി ആര്‍ക്കും അറിവില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഇത്രയധികം നികുതി വര്‍ധനയും അവശ്യസേവനങ്ങളുടെ നിരക്കും കൂട്ടിയിട്ടില്ല. ജനത്തെ കുത്തിപിഴിഞ്ഞിട്ടാണേലും കാരണഭൂതന്റെ വീട്ടില്‍ ഒന്നാംതരം സിമ്മിങ്പൂളും പശുത്തൊഴുത്തുമൊക്കെ നിര്‍മ്മിക്കുകയും ഇടയ്ക്കിടയ്ക്ക് വിദേശത്തേക്ക് പോകുകയും ചെയ്യുന്നുണ്ടല്ലോയെന്ന് സുധാകരന്‍ പരിഹസിച്ചു.കാട്ടില്‍ കിടക്കേണ്ട കാട്ടുപോത്ത്,ആന തുടങ്ങിയ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനങ്ങളെ കൊന്നൊടുക്കുന്നതിനെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ പിണറായി വിജയന് കഴിയുമോയെന്നും സുധാകരന്‍ ചോദിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *