കരപ്പുറം കാർഷിക കാഴ്ചകൾ മന്ത്രി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ: നല്ല ലാഭമുണ്ടാക്കാൻ കഴിയുന്ന മേഖലയാണ് കാർഷിക മേഖലയെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. അതിനാൽ കൂടുതൽ പേർ കാർഷിക രംഗത്തേക്ക് കടന്നുവരുമെന്ന് തന്നെയാണ് വിശ്വാസമെന്നും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന – വിപണന മേള ‘കരപ്പുറം’ കാര്‍ഷിക കാഴ്ചകള്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. ഈ രംഗത്തേക്ക് കൂടുതൽ പേരെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഏതൊരു നാടിന്റെയും വളർച്ചയ്ക്കും പുരോഗതിക്കും കാർഷിക മുന്നേറ്റം വളരെ പ്രധാനപ്പെട്ടതാണ്. 2008ലെ സാമ്പത്തിക പ്രതിസന്ധിയിൽ വമ്പൻ രാജ്യങ്ങളെല്ലാം തകർന്നപ്പോൾ പിടിച്ചുനിൽക്കാനായത് കാർഷിക സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായ രാജ്യങ്ങൾക്കാണ്. കാർഷിക സമ്പദ് വ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കാർഷിക രംഗത്ത് കർഷകനു പിടിച്ചുനിൽക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുക, കർഷകൻ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായമായ വില നൽകാൻ കഴിയുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോഴാണ് കർഷകർ കൃഷിയിൽ പിടിച്ചുനിൽക്കാൻ താല്പര്യം കാണിക്കുക.