തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നു- തദ്ദേശ സ്ഥാപനങ്ങളുടെ സംസ്ഥാനതല നേതൃയോഗം

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്തു കൊണ്ടും ,പ്ലാൻ ഫണ്ടുകൾ പോലും നൽകാതെയും, അധികാര വികേന്ദ്രീകരണം എന്ന മഹത്തായ ആശയത്തെ എല്ലാ അർത്ഥത്തിലും സർക്കാർ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസിൻ്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന വിളിച്ചുചേർത്ത തദ്ദേശ സ്ഥാപനങ്ങളുടെ സംസ്ഥാനതല നേതൃയോഗം കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷത്തെ പ്ലാൻ ഫണ്ടിലെ 1200 കോടി രൂപയോളം നൽകാതെ ഒളിച്ചു കളിച്ച സർക്കാർ 2023- 24 ലെ പദ്ധതി പ്രവർത്തനങ്ങളും പണം നൽകാതെ അട്ടിമറിക്കാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്ന് യോഗം ആരോപിച്ചു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ സംസ്ഥാന ചെയർമാൻ എം. മുരളി എക്സ് എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണൻ,

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ,കേരള മുൻസിപ്പൽ ചെയർമാൻ ചേമ്പറിന്റെ ജനറൽ സെക്രട്ടറി എം. ഓ. ജോൺ, കേരള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ബേസിൽ പോൾ, കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് രാജു കട്ടക്കയം, പഞ്ചായത്ത് അസോസിയേഷൻ ഭരണസമിതി അംഗങ്ങളായ അനീഷ് പടപ്പക്കര, വിനോദ് കുമാർ തൃക്കുന്നപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. ഈ വർഷം സ്പിൽ ഓവറായി പൂർത്തിയാക്കാനുള്ള പദ്ധതികൾക്ക് 20 ശതമാനം ഫണ്ടേ അനുവദിക്കുകയുള്ളൂ എന്ന സർക്കാരിന്റെ നിലപാട് നിഷേധാത്മകമാണ് . 50 ശതമാനം പൂർത്തീകരിച്ച എല്ലാ പദ്ധതികളും സ്പിൽ ഓവർ ആയി പൂർത്തീകരിക്കാനുള്ള ഫണ്ട് നൽകണം. 20 ശതമാനം ഫണ്ട് മാത്രമേ ഡെപ്പോസിറ്റ് വർക്കിന് അനുവദിക്കൂ എന്ന സർക്കാർ നിലപാട് കാരണം ഇലക്ട്രിസിറ്റി ബോർഡിന്റെയും ജല അതോറിറ്റിയുടെയും ചുമതലയിലുള്ള ഒരു വർക്കും നടത്താൻ കഴിയുന്നില്ല എന്ന് യോഗം കുറ്റപ്പെടുത്തി. ആവശ്യത്തിനു ഫണ്ട് ഡിപ്പോസിറ്റ് വർക്കുകൾ ചെയ്യാൻ അനുവദിക്കണം. ലൈഫ് പദ്ധതിക്കായി കടമെടുക്കുന്ന പണം മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കണമെന്ന സർക്കാരിന്റെ നിലപാട് മാറ്റണം. ഇന്നത്തെ നിലയിൽ ലൈഫ് ഭവന നിർമ്മാണത്തിന് ഒരു വീടിൻ്റെ പോലും ചിലവ് സർക്കാരിനില്ല എന്ന് യോഗം ആക്ഷേപിച്ചു. 50,000 രൂപയിൽ അധികം ചെലവുണ്ടായാൽ അടിയന്തരഘട്ടത്തിൽ പോലും തദ്ദേശസ്ഥാപനങ്ങൾ ഡിപിസിയുടെ അനുമതി വാങ്ങണമെന്ന ഉത്തരവ് പിൻവലിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. അതിനുള്ള അനുവാദം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിക്ക് മാത്രമാക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികൾക്ക് വാഹനങ്ങൾ ബുക്ക് ചെയ്ത് ചെല്ലും ചെലവും നൽകി ആളെ കൊണ്ടുപോകാൻ യഥേഷ്ടം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് അനുവദിക്കുന്ന സർക്കാർ ഉത്തരവുകൾ തദ്ദേശ സ്ഥാപനങ്ങളെ ഇവൻ്റ് മാനേജ്മെൻ്റ് ഏജൻസിയാക്കുന്നതിന് തുല്യമായതിനാൽ അധിക്ഷേപകരമാണ്. ഈ നിലപാട് സർക്കാർ ഇനിയും ആവർത്തിക്കരുതെന്നുംയോഗം ആവശ്യപ്പെട്ടു

Author

Leave a Reply

Your email address will not be published. Required fields are marked *