യു.പി.എസ്.സി പരീക്ഷ മെയ് 28ന്: 24,000 പേർ പരീക്ഷ എഴുതും

Spread the love

വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2023 സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 28ന് നടക്കും. 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ പരീക്ഷാർഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകൾ. കേരളത്തിൽ 79 കേന്ദ്രങ്ങളിൽ 24,000 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഉച്ചയ്ക്കുമുമ്പുള്ള സെഷനിൽ 9.20നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്പും പരീക്ഷാ ഹാളിൽ എത്തണം. ഹാൾടിക്കറ്റിൽ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ ഐഡന്റിറ്റി കാർഡും കൈയ്യിൽ കരുതണം. ആവശ്യപ്പെടുമ്പോൾ ഇത് ഇൻവിജിലേറ്ററെ കാണിക്കണം. പരീക്ഷയ്ക്ക് എത്തുന്നവർ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. കറുത്ത ബാൾപോയിന്റ് പേന കൊണ്ടാണ് ഉത്തരസൂചിക പൂരിപ്പിക്കേണ്ടത്. ബാഗുകൾ, മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്, ഐടി ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ആരെയും പുറത്തു പോകുവാൻ അനുവദിക്കില്ല. ഉദ്യോഗാർഥികളുടെ ബയോമെട്രിക് വിവരങ്ങൾ പരീക്ഷാകേന്ദ്രത്തിൽ ശേഖരിക്കേണ്ടതിനാൽ നേരത്തെതന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തണം.

Author

Leave a Reply

Your email address will not be published. Required fields are marked *