പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
തിരുവനന്തപുരം : സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണം. ആദ്യ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായി. അന്ന് ട്രെയിനില്‍ തീയിട്ടയാള്‍ അതേ ട്രെയിനില്‍ തന്നെ രക്ഷപ്പെട്ടു. പരുക്കേറ്റ പ്രതി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ട്രെയിനില്‍ കയറിപ്പോയിട്ടും പൊലീസ് അറിഞ്ഞില്ല. കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയ പ്രതിയെ കേരളത്തിലേക്ക് എത്തിക്കുന്നതിലും പൊലീസിന് വീഴ്ച പറ്റി. കേരള പൊലീസ് ലാഘവത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംഭവത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണം.
മെഡിക്കല്‍ സര്‍വീസസ് കേര്‍പറേഷനിലുണ്ടായ തീപിടിത്തത്തില്‍ രേഖകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്? സംഭവത്തില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. മന്ത്രിമാരെല്ലാം എന്ന് മുതലാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയത്? തീപിടിത്തമുണ്ടായ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടക്കണം. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പെ തീപിടിത്തം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞാല്‍
മനപൂര്‍വം ഉണ്ടാക്കിയ തീപിടിത്തമാണെന്ന് കരുതേണ്ടിവരും. സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. മൂന്ന് സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡറില്‍ നിന്ന് തീപിടിത്തമുണ്ടായെന്നാണ് ആദ്യം പറഞ്ഞത്. പക്ഷെ പരിശോധനാ ഫലം അങ്ങനെയല്ല. ആരോഗ്യവകുപ്പില്‍ നടക്കുന്ന ക്രമക്കേടുകളെ മൂടി വയ്ക്കാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ തീവെട്ടികൊള്ളയാണ് നടക്കുന്നത്. കൊള്ളക്കാരെ രക്ഷിക്കാന്‍ മന്ത്രി ഇറങ്ങിയാല്‍ മന്ത്രിയും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് പറയേണ്ടി വരും.
ഏതെല്ലാം തരത്തില്‍ ജനങ്ങളെ ദ്രോഹിക്കാമെന്നതില്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. വെള്ളക്കരവും വൈദ്യുതി ചാര്‍ജും കൂട്ടിയതിന് പിന്നാലെയാണ് ഇപ്പോള്‍ വൈദ്യുത സര്‍ ചാര്‍ജ് വര്‍ധിപ്പിച്ചത്. കിടപ്പാടവും കൃഷിയിടങ്ങളും ജപ്തി ചെയ്യപ്പെടുന്ന കെട്ടകാലത്ത് നികുതി ഭാരം അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. കെ.എസ്.ഇ.ബി ലാഭത്തിലാണെന്ന് പറയുമ്പോള്‍ തന്നെ സര്‍ ചാര്‍ജ് കൂട്ടുന്നത് എവിടുത്തെ ന്യായമാണ്?