കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ മുഖ്യമന്ത്രിക്ക് പോലും ഒന്നും അറിയില്ല; പിന്നെങ്ങനെ പ്രതിപക്ഷം അഭിപ്രായം പറയും? – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ മുഖ്യമന്ത്രിക്ക് പോലും ഒന്നും അറിയില്ല; പിന്നെങ്ങനെ പ്രതിപക്ഷം അഭിപ്രായം പറയും? പൂര്‍ത്തിയാകാത്ത കെ ഫോണ്‍ ഉദ്ഘാടനത്തിന് 4.35 കോടി അനുവദിച്ചത് ധൂര്‍ത്ത്; ഓഡിറ്റ് എങ്ങനെ നടത്തണമെന്ന് സി.എ.ജിയോട് നിര്‍ദ്ദേശിക്കുന്ന ഉത്തരവ് വിചിത്രം.

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത് സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം ബി.ജെ.പിക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമാണ്. വിഷയത്തില്‍ പ്രതിപക്ഷം ഇതുവരെ അഭിപ്രായം പോലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് പോലും അറിയാത്ത കാര്യത്തില്‍, കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷം എന്തിനാണ് കയറെടുക്കാന്‍ ഓടുന്നത്. മുഖ്യമന്ത്രിക്കോ സംസ്ഥാന ധനമന്ത്രിക്കോ ധനകാര്യ വകുപ്പിനോ

കടമെടുപ്പ് പരിധി എന്തുകൊണ്ടാണ് വെട്ടിക്കുറച്ചതെന്ന് അറിയില്ല. ഉദ്യോഗസ്ഥരെ കൂടാതെ ചെല്ലുംചെലവും കൊടുത്ത് ഡല്‍ഹിയില്‍ രണ്ട് പേരെ കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടല്ലോ. അവരോട് ഓട്ടോ വിളിച്ച് ധനകാര്യമന്ത്രാലയത്തില്‍ പോയി അന്വേഷിക്കാന്‍ പറഞ്ഞാല്‍ സര്‍ക്കാരിന് വിവരങ്ങള്‍ കിട്ടും. എന്നാല്‍ അതിനുള്ള ശ്രമം പോലും മുഖ്യമന്ത്രി നടത്തിയില്ല. കിഫ്ബി, പെന്‍ഷന്‍ ഫണ്ടുകളിലെ ബാധ്യത കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത് പ്രതിപക്ഷമാണ്. ബജറ്റിന് പുറത്ത് കടമെടുത്താലും അത് ബജറ്റിനകത്തേക്കുള്ള ബാധ്യതയാകുമെന്നും

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും കിഫ്ബി ബില്‍ അവതരണ വേളയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതിപക്ഷം പറഞ്ഞത് തന്നെയാണ് രണ്ടു തവണ സി.എ.ജി റിപ്പോര്‍ട്ടിലും വന്നത്. സി.എ.ജി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു കൊണ്ട് നിയമസഭയില്‍ പ്രമേയം പാസാക്കുകയാണ് ചെയ്തത്. ഭരണഘടനാ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് നിയമസഭ തള്ളിയത് കൊണ്ട് ആ റിപ്പോര്‍ട്ട് ഇല്ലാതാകുന്നില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച് ഒന്നും അറിയാത്ത മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുകയാണ്. കടമെടുപ്പിന്റെ പരിധി എന്തിനാണ് വെട്ടിക്കുറച്ചതെന്ന് അറിയില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ഭരിക്കുന്നത്. അത് അറിയാന്‍ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഇല്ലേ? പരാജയം മറച്ചുവയ്ക്കാനാണ് പ്രതിപക്ഷം ബി.ജെ.പിയ്ക്കൊപ്പമെന്ന് പറയുന്നത്. എല്ലാ പ്രസ്താവനയുടെയും അവസാനം ഇതു പറഞ്ഞാല്‍ പ്രതിപക്ഷം ബി.ജെ.പിയ്ക്കൊപ്പമാകുമോ? ബി.ജെ.പിയാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മുഖ്യശത്രു. സി.പി.എമ്മാണ് ബി.ജെ.പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുന്നത്. ലാവലിനിലും സ്വര്‍ണക്കള്ളക്കടത്തിലും ബി.ജെ.പിയുമായി സന്ധി ചെയ്യുന്ന മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ മാത്രമാണ് ബി.ജെ.പി വിരുദ്ധത പറയുന്നത്.

ഭരണഘടനാ സ്ഥാപനമായ സി ആന്‍ഡ് എ.ജി എങ്ങനെ ഓഡിറ്റ് ചെയ്യണമെന്ന്
നിര്‍ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഉത്തരവ് വിചിത്രമാണ്. ഭരണഘടന പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യാനുള്ള സ്വാതന്ത്ര അധികാരമുള്ള സി.എ.ജിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണ്. തങ്ങള്‍ പറയുന്ന രീതിയില്‍ തങ്ങള്‍ പറയുന്ന സോഫ്‌റ്റ്വെയറില്‍ ഓഡിറ്റ് നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ സി.എ.ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഭറണഘടനാ വിരുദ്ധമാണ്.

ശമ്പളവും പെന്‍ഷനും നല്‍കാനാകാതെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നിട്ടും ധൂര്‍ത്തിന് ഒരു കുറവുമില്ല. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന കെ ഫോണ്‍ ഉദ്ഘാടനത്തിന് 4.35 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെ ഫോണിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിന് മുന്‍പും നടത്തിയിട്ടുണ്ട്. ഇപ്പോഴും പദ്ധതി ഒന്നും ആകാതെയാണ് ഉദ്ഘാടനം നടത്തുന്നത്. 18 മാസം കൊണ്ട് 20 ലക്ഷം പാവങ്ങള്‍ക്കും

മുപ്പതിനായിരം സര്‍ക്കാര്‍ ഓഫീസുകളിലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് 2017-ല്‍ പ്രഖ്യാപിച്ചത്. 20 ലക്ഷമെന്നത് പതിനാലായിരമാക്കി കുറച്ചിട്ടും അത് പോലും പൂര്‍ത്തിയായില്ല. 1500 കോടി മുടക്കിയ പദ്ധതിയില്‍ പതിനായിരം പേര്‍ക്ക് പോലും ഇന്റര്‍നെറ്റ് നല്‍കാന്‍ കെ ഫോണിന്റെ ഉദ്ഘാടനത്തിനാണ് നാലര കോടി രൂപ ചെലവഴിക്കുന്നത്. കെഫോണിന്റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ല. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് 124 കോടി രൂപയാണ് ചെലവാക്കിയത്. അഴിമതി ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. ധൂര്‍ത്തും അഴിമതിയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. അഴിമതിയും ധൂര്‍ത്തും കൊണ്ട് സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സാധാരണക്കാരുടെ തലയിലേക്ക് കയറുകയാണ്. വൈദ്യുത ബോര്‍ഡ് ലാഭത്തിലാണെന്ന് പറയുമ്പോഴും വീണ്ടും വൈദ്യുതി ചാര്‍ജ് കൂട്ടുകയാണ്. എല്ലാ നികുതികളും കൂട്ടി സര്‍ക്കാര്‍ നിരന്തരമായി ജനങ്ങളെ ബുദ്ധിമൂട്ടിക്കുകയാണ്.

അഴിമതി ആരോപണം ഉന്നയിച്ചാലുടന്‍ എല്ലായിടത്തും തീയിടുകയാണ്. ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീയിട്ടതു പോലെയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണുകളും കത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി നടത്തിയ തീയിടലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണക്കള്ളടത്ത്, ലൈഫ് മിഷന്‍, കെ ഫോണ്‍, അഴിമതി ക്യാമറ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എന്നീ 5 അഴിമതികളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. എന്നിട്ടും സര്‍ക്കാരിന് ഉത്തരമില്ല. വില്ലേജ് അസിസ്റ്റന്റ് കാണിച്ച അഴിമതിക്ക് വില്ലേജ് ഓഫീസറെ വിരട്ടുന്ന മുഖ്യമന്ത്രി സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടാമതും ജയിലില്‍ പോയത് അറിഞ്ഞില്ലേ? എന്നിട്ടും വില്ലേജ് ഓഫീസറെ പേടിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തൊരു തൊലിക്കട്ടിയാണ്.

വന്യജീവി ആക്രമണത്തില്‍പ്പെട്ട് വനാതിര്‍ത്തികളില്‍ അരക്ഷിതരായി കഴിയുന്ന ജനങ്ങള്‍ക്ക് വേണ്ടി വന്യജീവി നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സംയുക്ത പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുക്കണം. തീരദേശ ഹൈവെയ്ക്കു വേണ്ടി കല്ലിടല്‍ തുടങ്ങിയെങ്കിലും പദ്ധതിയുടെ ഡി.പി.ആറോ നഷ്ടപരിഹാര പാക്കേജോ സംബന്ധിച്ച ഒരു വിവരവും ആര്‍ക്കും അറിയില്ല. കെ- റെയിലിലേതു പോലുള്ള അവ്യക്തത തീരദേശ ഹൈവേയിലുമുണ്ട്. ഡി.പി.ആര്‍ ഉള്‍പ്പെടെയുള്ളവ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയാറാകണം. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഷിബു ബോബി ജോണ്‍ കണ്‍വീനറായ കമ്മിറ്റിയെ യു.ഡി.എഫ് നിയോഗിച്ചിട്ടുണ്ട്.

എന്തിന് വേണ്ടിയാണ് അനധികൃത പണപ്പിരിവ് നടത്തി അമേരിക്കയില്‍ പോയി ലോക കേരളസഭ നടത്തുന്നത്. ഇതുവരെ നടത്തിയ ലോക കേരളസഭകള്‍ കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോ? സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധയിലാകുമ്പോള്‍ കോടികള്‍ മുടക്കിയാണ് മന്ത്രിമാരും സന്നാഹവും വിദേശത്തേക്ക് പോകുന്നത്.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന നാടകം ജാനാധിപത്യ ഭാരതത്തിന്റെ പൈതൃകത്തിന് യോജിക്കാത്തതാണ്. മാതാധിഷ്ടിത രാജ്യമായി ഇന്ത്യ മാറുകയാണോയെന്ന് ലോകത്തിന് തോന്നുന്ന തരത്തിലുള്ള നാടകമാണ് അരങ്ങേറിയത്. ലോകത്തിന് മുന്നില്‍ രാജ്യം അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് മോദിയും സംഘപരിവാര്‍ ശക്തികളും ഉണ്ടാക്കിയത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *