ചിത്രശലഭങ്ങളും ശിഖരങ്ങളും നിറഞ്ഞ മരക്കവാടം, വഴിയിൽ കളിയിടങ്ങളും ഭംഗിയുള്ള നടവഴികളും. ഇരിപ്പിടങ്ങളും സ്റ്റിയറിംഗുമുള്ള കെ എസ് ആർ ടി ബസ് മാതൃക, മനോഹരമായ വെള്ളച്ചാട്ടം പതിക്കുന്ന താമരക്കുളം. കുളത്തിൽ കൊക്കുകളും മറ്റും. വർണ്ണാഭമായ ചുമർ ചിത്രങ്ങളാൽ നിറഞ്ഞ ക്ലാസ് മുറി, പാവകളും വണ്ടികളും നിറഞ്ഞ ക്ലാസ്മുറിയിലെ കളിപ്പാട്ട കട തുടങ്ങി നിരവധി കാഴ്ചകളും സൗകര്യങ്ങളുമായി കുരുന്നുകൾക്ക് അറിഞ്ഞും രസിച്ചും പഠിക്കാൻ കയ്പമംഗലം കൂരിക്കുഴി ജി എൽ പി സ്കൂളിൽ കളിമുറ്റം ഒരുങ്ങി.കയ്പമംഗലം കൂരിക്കുഴി ജി എൽ പി സ്കൂളിൽ എസ് എസ് കെ സ്റ്റാർസ് ഫണ്ട് വിനിയോഗിച്ച് മതിലകം ബി ആർ സി യുടെ നേതൃത്വത്തിൽ കുരുന്നുകൾക്കായി ഒരുക്കിയ നവീകരിച്ച പ്രീ പ്രൈമറി കളിമുറ്റത്തിന്റെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാലയത്തിൽ കളിമുറ്റം തയ്യാറാക്കിയിരിക്കുന്നത്. ഭാഷ വികസനയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ശാസ്ത്ര അനുഭവയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമ്മാണയിടം, കരകൗശലയിടം, നൂതന സാങ്കേതികവിദ്യയിടം, കളിയിടം അകംപുറം, ശിശു സൗഹാർദ്ര ഇരിപ്പിടങ്ങൾ തുടങ്ങിയ13 പ്രവർത്തന ഇടങ്ങളാണ് വർണ്ണക്കൂടാരം പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്.