എന്താണ് കേരള സർക്കാരിന്റെ കെഫോൺ പദ്ധതി? അറിയേണ്ടതെല്ലാം..

Spread the love

ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കണക്ഷൻ* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്നത്തിനായും ഡിജിറ്റൽ വിഭജനം ഒഴിവാക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് അഥവാ കെഫോൺ. ‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെഫോൺ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയാണ്. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകുന്നു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീടുകൾ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രസ്ട്രക്ചർ ഇതിനോടകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 mbps മുതൽ വേഗതയോടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാനാകും. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും കഴിയും.ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ള 30000 സർക്കാർ ഓഫീസുകളിൽ 26542 ഓഫീസുകളിൽ കെഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ഇവയെ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് പ്രവർത്തനങ്ങളും പൂർത്തിയായി. നിലവിൽ 17284 സർക്കാർ ഓഫീസുകളിൽ കെഫോൺ സേവനം ലഭ്യമാക്കി.
ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷൻ നൽകാനാവശ്യമായ കേബിൾ വലിക്കുന്ന ജോലികൾ പൂർത്തിയാക്കിയപ്പോൾ ആയിരത്തിലധികം ഉപഭോക്താക്കൾ നിലവിൽ കെഫോണിനുണ്ട്. 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂർത്തീകരിച്ച് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകൾ നൽകുന്നതിലൂടെ പദ്ധതി ലാഭത്തിലാക്കാനാണ് സർക്കാർ തീരുമാനം.
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ ഈ പദ്ധതി കെഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിനാണ് കെഫോൺ പദ്ധതിയുടെ നടത്തിപ്പവകാശം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, എൽ.എസ് കേബിൾ, എസ്.ആർ.ഐ.റ്റി എന്നീ കമ്പനികളാണ് കൺസോർഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
കെഫോൺ പദ്ധതി സംസ്ഥാനത്തെ ജില്ലകളെയെല്ലാം കോർ റിംഗ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെ ഗവണ്മെന്റ് ഓഫീസുകളും വീടുകളും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ്‌വർക്ക് വഴിയാണ്. എല്ലാ ജില്ലകളിലും കോർ പോപ്പ് (Point of Presence) ഉണ്ട്. അത് കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ 300 സ്ക്വയർ ഫീറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പോപ്പുകൾ 110/ 220/ 400 കെ.വി ലൈൻ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ (കോർ റിംഗ്) ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. ശൃംഖലകളിൽ സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ എറണാകുളം ജില്ലയിൽ ഒരു നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ സ്ഥാപിച്ചു. ഈ കോർ റിംഗിന്റെ കപ്പാസിറ്റി N*100 Gbps ആണ്. ഈ നെറ്റ്‌വ‌ർക്കിന്റെ 100 ശതമാനം ലഭ്യതക്കുവേണ്ടി റിംഗ് ആർക്കിടെക്ചറാണ് അവലംബിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലും കോർ പോപ്പിന് പുറമെ അഗ്രിഗേറ്റ്, പി അഗ്രിഗേറ്റ് സ്‌പ‌ർ എന്നിങ്ങനെ പോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *