‘ലഹരിക്കെതിരെ ഒരു മരം’ പദ്ധതി ഉദ്‌ഘാടനം ചെയ്തു

Spread the love

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘ലഹരിക്കെതിരെ ഒരു മരം’ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും മയക്കുമരുന്ന് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളെ ചെറുക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നിലനില്‍പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അതിഥികള്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. പരിസ്ഥിതി സ്നേഹം കാട്ടേണ്ടത് വാക്കുകള്‍ കൊണ്ടല്ല, പ്രവൃത്തി കൊണ്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഓര്‍ത്തഡോക്സ് സഭാ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യയാക്കോസ് മാര്‍ ക്ലിമിസ് മെത്രാപോലീത്ത, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.എ. പ്രദീപ്, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സി.കെ ഹാബി തുടങ്ങിയവര്‍ സംസാരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ഫാദര്‍ ജോണ്‍സണ്‍ കല്ലിട്ടത്തില്‍, പ്രിന്‍സിപ്പാള്‍ ജേക്കബ് ജോര്‍ജ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകള്‍ ആലപിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *