ഹൃദ്യം പദ്ധതി വ്യാപിപ്പിക്കും : മന്ത്രി വീണാ ജോര്‍ജ്

Spread the love

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ സമിതി.

തിരുവനന്തപുരം: കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് നിലവില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും പ്രശസ്ത്ര ഹൃദയ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജയകുമാര്‍, എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. രാജേഷ്, ഹൃദ്യം നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്. കുടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സൗകര്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഈ വിദഗ്ധ സമിതി പരിശോധിക്കും. ഗര്‍ഭസ്ഥ അവസ്ഥയില്‍ തന്നെ ഹൃദ്രോഗ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ഫീറ്റല്‍ സര്‍ജറി ഉള്‍പ്പെടെ നടത്തുന്നതിനുമുള്ള സാധ്യതകളും സമിതി പരിശോധിക്കും.

കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നവജാത ശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 5,897 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഈ വര്‍ഷം ഇതുവരെ 446 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കി വരുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും പിന്തുണ നല്‍കുന്ന തുടര്‍പിന്തുണാ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *