ജോർജ് എബ്രഹാമിന് രാഹുൽ ഗാന്ധി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു

Spread the love

ന്യു യോർക്ക്: കാൽ നൂറ്റാണ്ട് മുൻപ് കോൺഗ്രസ് പോഷക സംഘടനക്ക് അമേരിക്കയിൽ തുടക്കമിട്ടവരിലൊരാളായ ഇന്ത്യൻ ഓവർസീസ് ചെയർ ജോർജ് എബ്രഹാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് രാഹുൽ ഗാന്ധിയിൽ നിന്ന് ഏറ്റു വാങ്ങിയത് അപൂർവ ബഹുമതിയായി.

ഐഒസി ചെയർ സാം പിത്രോഡയാണ് അപ്രതീക്ഷിതമായി ബഹുമതി പ്രഖ്യാപിച്ചതും സംഘടനയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്ന ഫലകം നൽകാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ചതും.

രാഹുലിന് ഐ.ഓ.സി. സ്വീകരണം നൽകിയ ന്യു യോർക്ക് സിറ്റിയിലെ ടെറസ് ഓൺ പാർക്കിൽ തടിച്ചു കൂടിയ പ്രവർത്തകർ ഹർഷാരവത്തോടെ അത് എതിരേറ്റു. എല്ലാ മലയാളികൾക്കും അത് അഭിമാന നിമിഷമായി

ബാലജനസഖ്യത്തിലൂടെയും കെ.എസ് .യു.വിലൂടെയും സംഘടനാ പ്രവർത്തനം തുടങ്ങി കോൺഗ്രസ് എന്ന ആശയം ജീവിതകാലം മുഴുവൻ കാത്തു സൂക്ഷിച്ച ജോർജ് എബ്രഹാമിന് ഈ ബഹുമതി അത്യന്തം അർഹിക്കുന്നതുമായി. അഖില കേരള ബാലജന സഖ്യത്തിന്റെ സംസ്ഥാന ട്രഷററായിരുന്നു. പിന്നീട് കേരള സ്റ്റുഡന്റ്‌സ് യൂണിയനിൽ (കെഎസ്‌യു) പ്രവർത്തിച്ചുകൊണ്ടിരിക്കെ യുഎസിലേക്ക് കുടിയേറി.

യുഎസിൽ 55 വർഷം പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോഴും ഇന്ത്യൻ പൗരനാണ്. യുഎസിലും കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാതിരുന്ന അദ്ദേഹം യുഎസ് സന്ദർശിക്കുന്ന കോൺഗ്രസ് നേതാക്കളെ എപ്പോഴും സ്വാഗതം ചെയ്യുകയും ആതിഥ്യം നൽകുകയും ചെയ്തിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിലാണ് കേരളത്തിൽ നിന്നുള്ള മറ്റു ചിലർക്കൊപ്പം പാർട്ടി അനുഭാവികളുടെ ഒരു സംഘടന രൂപീകരിക്കാൻ അദ്ദേഹം മുന്നോട്ട് വന്നത്. 1998-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സന്ദർശന വേളയിൽ, ‘ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്’ എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചു. സംഘടനയുടെ ആസൂത്രണ യോഗം ചേർന്നത് ന്യൂയോർക്കിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു. പിന്നീട് അത് ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) എന്ന പേരിൽ ഒരു ദേശീയ സംഘടനയായി വളർന്നു. 2001 ജൂൺ 25-ന് യു.എസ്. സന്ദർശനവേളയിൽ മുൻ എ.ഐ.സി.സി പ്രസിഡൻറ് സോണിയാ ഗാന്ധി സംഘടന ഉദ്ഘാടനം ചെയ്തു.

എ.ഐ.സി.സി.ക്ക് കീഴിൽ ഒരു ഓവർസീസ് കോൺഗ്രസ് ഡിപ്പാർട്ട്‌മെന്റ് രൂപീകരിക്കുകയും സാം പിത്രോഡ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തതോടെ സംഘടനയുടെ പേര് വീണ്ടും ഐഒസി എന്നാക്കി.

ഒരു വ്യക്തിയുടെ ദൂരക്കാഴ്ചക്കും അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും അർഹമായ അംഗീകാരമായിരുന്നു ഈ അവാർഡ്. അദ്ദേഹത്തിന്റെ ഭാര്യ ലോണ എബ്രഹാമും അദ്ദേഹത്തോടൊപ്പം സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചു.

എബ്രഹാം ഐക്യരാഷ്ട്രസഭയിൽ ചീഫ് ടെക്നോളജി ഓഫീസറായി വിരമിച്ചു.

 

ഫോട്ടോ 1: ആരതി കൃഷ്ണ (എഐസിസി സെക്രട്ടറി), മൊഹീന്ദർ സിംഗ് ഗിൽസിയാൻ, രാഹുൽ ഗാന്ധി, ജോർജ്ജ് എബ്രഹാം, സാം പിട്രോഡ, പ്രദീപ് സമല, ജോൺ ജോസഫ്

ഫോട്ടോ 2. ലോണയും ജോർജ്ജ് എബ്രഹാമും

Report :

joychen puthukulam

Author

Leave a Reply

Your email address will not be published. Required fields are marked *