അപ്പീൽ പോകാൻ സർവകലാശാലാ അപ്പലറ്റ് സമിതി.
വിദ്യാർഥികളുടെ അവകാശരേഖ ഉടൻ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കും.
സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവിട്ടു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിര തീരുമാനം.
കോളജ് പ്രിൻസിപ്പൽ (സർവകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കിൽ വകുപ്പ് മേധാവി) ചെയർപേഴ്സണായാണ് സെൽ നിലവിൽ വരിക. പ്രിൻസിപ്പൽ/ സർവകലാശാലാ വകുപ്പ് മേധാവി ശുപാർശ ചെയ്യുന്ന രണ്ട് അധ്യാപകർ (ഒരാൾ വനിത) സമിതിയിലുണ്ടാകും. കോളജ് യൂണിയൻ /ഡിപ്പാർട്മെന്റൽ സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്സൺ, വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികൾ (ഒരാൾ വനിത), പ്രിൻസിപ്പൽ/സർവകലാശാലാ വകുപ്പുമേധാവി നാമനിർദ്ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ള വിദ്യാർഥി, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പിടിഎ പ്രതിനിധി, സർവകലാശാലാ പ്രതിനിധിയായി സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന അധ്യാപകൻ/അധ്യാപിക എന്നിവരും ചേർന്നാണ് സെല്ലിന്റെ ഘടനയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.