ലോക കേരള സഭ വിവാദങ്ങളിലിടം പിടിക്കുമ്പോള്‍ പ്രവാസികള്‍ക്ക് പറയാനുള്ളത് – സജു വര്‍ഗ്ഗീസ്

Spread the love

കേരളത്തില്‍ ജീവിക്കുന്ന മലയാളികള്‍ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികള്‍ ചേര്‍ന്നതാണ് കേരളമെന്ന ഒരുമയുടെ സന്ദേശം ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് ലോക കേരള സഭ എന്ന ആശയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാലിപ്പോള്‍ വിവാദങ്ങളിലിടം പിടിച്ചിരിക്കുകയാണ് ലോക കേരള സഭ. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ലോക കേരളാ സഭയുടെ മേഖലാ സമ്മേളനം നടക്കാനൊരുങ്ങുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് വിവാദത്തിലായിരിക്കുന്നത്. പൂര്‍ണ്ണമായും സര്‍ക്കാരിനു കീഴിലുള്ള ഒരു സംരഭത്തിന്റെ മേഖലാ സമ്മേളനം പ്രവാസി മലയാളികള്‍ പണം പിരിച്ചു നടത്തുന്നുവെന്നതാണ് പലരേയും ചൊടിപ്പിച്ചത്.

സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സംഘാടക സമിതി പല വാഗ്ദാനങ്ങളും നല്‍കുന്നുവെന്നും ഒരു ലക്ഷം ഡോളര്‍ വരെ നല്‍കുന്നവര്‍ക്ക് കേരളത്തില്‍ നിന്ന് പോകുന്ന മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും ഭക്ഷണം കഴിക്കാനും അവസരം നല്‍കുമെന്നതാണ് അതില്‍ പ്രധാനമെന്നും വിവാദങ്ങളുയര്‍ന്നു. പ്രവാസി ക്ഷേമമെന്ന പ്രധാന ലക്ഷ്യത്തെ മാറ്റി നിര്‍ത്തി സര്‍ക്കാരിനോടും ഭരിക്കുന്ന പാര്‍ട്ടിയോടും അടുപ്പമുള്ളവര്‍ക്ക് മാത്രമാണ് ലോക കേരളാ സഭയില്‍ സ്ഥാനമുള്ളതെന്നും പ്രതിപക്ഷം ആരോപണങ്ങളുയര്‍ത്തി. അതേസമയം മനപ്പൂര്‍വ്വം സര്‍ക്കാരിനെ കരി വാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന വസ്തുത വിസ്മരിക്കപ്പെടുന്നു.

ലോക കേരളാ സഭയ്‌ക്കെതിരെ ആരോപണങ്ങള്‍ ഇളക്കി വിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവാസികളെ എങ്ങനെ സഹായിക്കാമെന്നല്ല മറിച്ച് എങ്ങനെ ദ്രോഹിക്കാമെന്നത് മാത്രമാണ് ആലോചിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നുവെന്നതും അമേരിക്കയിലെ ആഡംഭര ഹോട്ടലില്‍ പരിപാടി നടത്തുന്നുവെന്നതുമൊക്കെയാണ് ഇവരെ പ്രകോപിപ്പിക്കുന്നത്. അതിന്റെ മറുവശം, സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുകയെന്നത് വിദേശ രാജ്യങ്ങളിലെ പൊതു രീതിയാണെന്നതും അമേരിക്കയിലെ ഏത് ഹോട്ടലില്‍ പരിപാടി നടന്നാലും കേരളത്തെ സംബന്ധിച്ച് അത് ആഡംബര ഹോട്ടലായിരിക്കുമെന്നതും മറന്നുകൊണ്ടാണ് വിവാദങ്ങളുണ്ടാക്കുന്നത്.

പ്രവാസികളെ കേരളത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക കേരള സഭ എന്ന ജനാധിപത്യ വേദി പ്രതിപക്ഷ പാര്‍ട്ടികളുടെ കണ്ണിലെ കരടാകുന്നതിനു പിന്നില്‍ പല സ്വാര്‍ത്ഥ താല്‍പര്യങ്ങളുമുണ്ട്. സാധാരണ ഗതിയില്‍ പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ചു, ധൂര്‍ത്തടിച്ചു എന്നൊക്കെ ആരോപണമുയര്‍ത്താറുള്ള എതിരാളികള്‍ ഇത്തവണ ഖജനാവില്‍ നിന്ന് പണമെടുത്തില്ല എന്ന് ആരോപണമുയര്‍ത്തുന്നത് തന്നെ മനപ്പൂര്‍വ്വം പരിപാടിയെ താറടിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. പണമെടുത്താലും കുറ്റം എടുത്തില്ലെങ്കിലും കുറ്റം എന്ന മുട്ടാപ്പോക്ക് ന്യായം മറ്റൊരു കാരണവും കിട്ടാത്തതിന്റെ പേരില്‍ മാത്രമാണ്.

സര്‍ക്കാരിന്റെ പണം ഉപയോഗിക്കാതെ പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തുമെന്നും ലഭിച്ച തുകയുടെ വരവു ചെലവു കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്ത് പൊതുജനത്തിനു മുന്‍പില്‍ അവതരിപ്പിക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കിയിട്ടും ആസൂത്രണം ചെയ്ത കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് പറയാതെ വയ്യ. ലോകം മുഴുവനുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ലോക കേരള സഭ എന്ന ആശയം ഒന്നാം പിണറായി സര്‍ക്കാരിന്റെ മനോഹരമായ ഒരു പദ്ധതിയാണെന്നതില്‍ സംശയമില്ല. ഇതിനെതിരെ നടക്കുന്ന എല്ലാ വിവാദങ്ങളേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കരി വാരിത്തേക്കാനുള്ള പാഴ്ശ്രമങ്ങളായി കണ്ട് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക മാത്രമാണ് പോംവഴി.

പണം നല്‍കിയവര്‍ക്ക് മാത്രമാണ് ലോക കേരള സഭയുടെ വേദിയില്‍ അവസരം നല്‍കുന്നതെന്ന ആരോപണത്തെ ശക്തിയുക്തം നിഷേധിച്ച് നിരവധി പ്രവാസി മലയാളികളാണ് രംഗത്ത് വന്നത്. തങ്ങള്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഇന്‍വിറ്റേഷന്‍ ലഭിച്ച നിരവധി പ്രവാസി മലയാളികള്‍ സാക്ഷപ്പെടുത്തുന്നു. എല്ലാ രീതിയിലും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രതിപക്ഷം പ്രവാസികളെ അപമാനിക്കുകയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന തെറ്റായ വാര്‍ത്തകള്‍.

joychen puthukulam 

Leave a Reply

Your email address will not be published. Required fields are marked *