മരങ്ങൾ മുറിച്ചു മാറ്റാൻ ഉത്തരവിട്ട് മന്ത്രി; ഷാജിയുടെ ആശങ്കയ്ക്ക് ഉടനടി പരിഹാരം

Spread the love

അപകടകരമായി നിൽക്കുന്ന ആ മരങ്ങൾ അഞ്ച് ദിവസത്തിനുള്ളിൽ മുറിച്ചു മാറ്റണം”- മന്ത്രി പി. പ്രസാദിന്റെ ഉത്തരവ് കേട്ട് ഏറെ നാളായുള്ള ആശങ്ക ഒഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വെളിയനാട് സ്വദേശി കെ.എസ് ഷാജി കുട്ടനാട് താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത് വേദിയുടെ പടിയിറങ്ങിയത്. വീടിനും കൃഷിസ്ഥലത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അയൽവാസി തയ്യാറാകാതെ ഇരുന്നതോടെയാണ് ശ്രവണ വെല്ലുവിളി നേരിടുന്ന വെളിയനാട് ശ്രീശരസ്സ് വീട്ടിൽ കെ. എസ്. ഷാജി പരിഹാരം തേടി അദാലത്തിൽ എത്തിയത്.

ലൈഫ് ഭവന പദ്ധതി വഴി അനുവദിച്ചു കിട്ടിയ വീടിന്റെ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡ്ഡിലാണ് കുടുംബത്തിന്റെ താമസം. മരം ഭീഷണിയായി മാറിയതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇവർ. ഒപ്പം വരുമാന മാർഗ്ഗമായ കൃഷിയിടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളിൽ നിന്ന് വീഴുന്ന ഇലകൾ കൃഷിയെയും ബാധിക്കാൻ തുടങ്ങി.

പ്രശ്നങ്ങൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചതോടെ അഞ്ചുദിവസത്തിനുള്ളിൽ മരങ്ങൾ വെട്ടി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് വെളിയനാട് പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ഒപ്പം ചെലവ് തുക എതിർകക്ഷിയിൽ നിന്ന് ആർ.ആർ. നടപടികളിലൂടെ ഈടാക്കാനും നിർദ്ദേശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *