തെരുവുനായ ആക്രമണം; സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടെന്ന് കെ.സുധാകരന്‍

Spread the love

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്ന് വയസ്സുകാരന്‍ നിഹാല്‍ നൗഷാദ് കൊല്ലപ്പെടാനിടായായത് സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ കെടുകാര്യസ്ഥതയും ഗുരുതരമായ അനാസ്ഥയും കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. സംസാരശേഷിപോലുമില്ലാത്ത കുട്ടിക്കാണ് നായയുടെ കടിയേറ്റ് ദാരുണാന്ത്യം ഉണ്ടായത്. ഇത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

തെരുവുനായ ശല്യം നിയന്ത്രിക്കുന്നതില്‍ കടുത്ത കൃത്യവിലോപമാണ് ഉണ്ടായത്. തദ്ദേശസ്വയംഭരണം,മൃഗസംരക്ഷണം,ആരോഗ്യം എന്നീവകുപ്പുകളുടെ ഏകോപനമില്ലായ്മയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് ഫണ്ടില്ലാത്തതും വന്ധ്യംകരണം പദ്ധതി നിലയ്ക്കാന്‍ കാരണമായി. പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ മൂന്നിലൊന്ന് തെരുവുനായ്കള്‍ക്ക് പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് വര്‍ഷമായി നായ്ക്കളെ സ്റ്റെറലൈസ് ചെയ്യുന്നില്ല.

തെരുവുനായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ ഒരുക്കുന്ന സംവിധാനം ഒരിടത്തും ഫലപ്രദമായി നടപ്പായില്ല. പ്രാദേശികതലത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളെ രമ്യമായി പരിഹരിച്ച് അതിനാവശ്യമായ മാര്‍ഗം സര്‍ക്കാര്‍ ഒരുക്കിയിരുന്നെങ്കില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ നിന്നും മനുഷ്യരെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഓരോ മാസവും 35000ത്തോളം പേര്‍ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സതേടുന്നതായാണ് കണക്ക്.കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇങ്ങനെ പോയാല്‍ തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെയും അതിനെ തുടര്‍ന്ന് മരിക്കുന്നവരുടെയും എണ്ണത്തില്‍ കേരളം ഒന്നാം നമ്പരാകും.

സര്‍ക്കാര്‍തലത്തില്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതെ മനുഷ്യജീവനുകള്‍ പൊലിയുമ്പോള്‍ വിലപിച്ചിട്ട് പ്രയോജനമില്ല.തെരുവുനായയുടെ അക്രമണത്തില്‍ നിന്നും ജനത്തെ രക്ഷിക്കാന്‍ ശാശ്വത പരിഹാരം വേണമെന്നും അതിനായി സര്‍വകക്ഷിയോഗം വിളിച്ച് പരിഹാരമാര്‍ഗം ചര്‍ച്ച ചെയ്യണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *