ഡാളസ് : മാര്‍ത്തോമ്മാ സഭയുടെ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ശതാബ്ദി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തിലെ (11550 Luna Rd, Dallas, TX 75234) ഇടവക മിഷന്റെ നേതൃത്വത്തില്‍ ജൂണ്‍ 17 ശനിയാഴ്ച (നാളെ) വൈകിട്ട് 6 മണിക്ക് സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഗാനങ്ങൾ ആലപിക്കുന്ന സംഗീത സായാഹ്‌നം നടത്തപ്പെടുന്നു.
സംഗീത സായാഹ്‌നത്തിന് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച്, സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ചർച്ച് മെസ്ക്വിറ്റ്, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണ്‍, സെഹിയോന്‍ മാര്‍ത്തോമ്മ ചര്‍ച്ച് പ്ലാനോ എന്നീ ഇടവകളിലെ ഗായകസംഘങ്ങള്‍ നേതൃത്വം നല്‍കും. മാര്‍ത്തോമ്മാ സഭയുടെ മുന്‍ വൈദീക ട്രസ്റ്റി റവ. എം. പി. യോഹന്നാന്‍ ചടങ്ങിൽ മുഖ്യസന്ദേശം നല്‍കും.
1924 ൽ കാലം ചെയ്ത ഡോ. ഏബ്രഹാം മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സുവിശേഷ പ്രവര്‍ത്തനങ്ങളിൽ താൽപര്യമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കും കൂട്ടായ്മയ്ക്കും വേണ്ടി ഒത്തുകൂടി ആരംഭിച്ച പ്രസ്ഥാനമാണ് സന്നദ്ധ സുവിശേഷക സംഘം. റവ.സി.പി. ഫിലിപ്പോസ് കശീശ്ശ ആദ്യ പ്രസിഡന്റും, സാധു കൊച്ചുകുഞ്ഞ് ഉപദേശി ആദ്യ സെക്രട്ടറിയുമായിരുന്നു. സംഘം 2024 ൽ നൂറ് വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്.
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ബിഷപ് ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസും, ജനറല്‍ സെക്രട്ടറി മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മുന്‍ വികാരി റവ. പി.സി. സജിയുമാണ്. മദ്ധ്യകേരളത്തിലെ ചെങ്ങന്നൂരിനടുത്തുള്ള ഇടയറാന്മുള എന്ന ഗ്രാമത്തില്‍ 1983 ഡിസംബറിൽ ജനിച്ച മൂത്താംപാക്കല്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശി അനുഗ്രഹീതനായ ഗായകനും ഗാനരചയിതാവും ആശ്വാസ ഗീതങ്ങള്‍ എന്ന 210 ഗീതങ്ങള്‍ ഉള്‍പ്പെടുന്ന സ്തുതി ഗീതങ്ങളുടെ രചയിതാവുമാണ്.
1924 മുതല്‍ 1945 വരെ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി 1945 നവംബര്‍ 30 ന് ഇഹലോകവാസം വെടിഞ്ഞു. ഇന്നും സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഗാനങ്ങൾ മലയാള ആരാധനകളിലും, കുടുംബ പ്രാര്‍ത്ഥനകളിലും ലോകമെമ്പാടും ആലപിക്കുന്നതോടൊപ്പം, നിരാശരായവര്‍ക്ക് പ്രത്യാശ നല്‍കുവാനും തകര്‍ന്ന ഹൃദയങ്ങള്‍ക്ക് രോഗശാന്തി നല്‍കുവാനും പാപികള്‍ക്ക് രക്ഷ നല്‍കുവാനും അദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഉള്ള സ്വാധീനം വളരെ വലുതാണ്.
നാളെ വൈകിട്ട് 6 മണിക്ക് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന സംഗീത സായാഹ്‌നത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരിമാരായ റവ. അലക്‌സ് യോഹന്നാന്‍, റവ. ഏബ്രഹാം തോമസ്, ഇടവക മിഷന്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് (ജയന്‍) എന്നിവര്‍ അറിയിച്ചു.