ശബരിമല വിമാനത്താവളം സമയബന്ധിതമായി പൂർത്തിയാക്കും : മുഖ്യമന്ത്രി

Spread the love

ശബരിമല വിമാനത്താവളത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർഥ്യമാകുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാകും ശബരിമല വിമാനത്താവളവും പൂർത്തിയാക്കുകയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഗതാഗത മേഖലയിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നതെന്ന് റോഡ്, ജലഗതാഗത മേഖലയിലെ നവീന പദ്ധതികൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നാട്ടിൻപുറങ്ങളിലുള്ള റോഡുകളടക്കം മികച്ച നിലവാരത്തിലെത്തിയിട്ടുണ്ട്. കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റു 40 ഓളം നഗരങ്ങളിൽ നടപ്പാക്കാൻ കഴിയുന്ന മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ജോൺ ബ്രിട്ടാസ് എം.പിയാണ് നാം മുന്നോട്ടി’ന്റെ അവതാരകൻ. സംസ്ഥാനത്തെ ഗതാഗത മേഖലയുടെ വികസനത്തെക്കുറിച്ചാണ് പുതിയ എപ്പിസോഡ് പ്രതിപാദിക്കുന്നത്. കിഫ്ബി ചീഫ് പ്രൊജക്ട് എക്‌സാമിനർ എസ്.ജി. വിജയദാസ്, മഹാരാജാസ് കോളജ് ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സന്തോഷ് ടി. വർഗീസ്, മുതിർന്ന മാധ്യമ പ്രവർത്തക സരിത വർമ, നടൻ പ്രശാന്ത് അലക്‌സാണ്ടർ, മല്ലു ട്രാവലർ ഷക്കീർ സുഭാൻ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ‘നാം മുന്നോട്ട്’ പരിപാടിയുടെ പുതിയ എപ്പിസോഡ് ഞായറാഴ്ച മുതൽ വിവിധ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.

Author

Leave a Reply

Your email address will not be published. Required fields are marked *