കെ. സുധാകരന്‍ ഒറ്റയ്ക്കല്ല, കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി കള്ളക്കേസിനെ പ്രതിരോധിക്കും – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

ആര് മൊഴി നല്‍കിയാലും കേസെടുക്കുമെങ്കില്‍ സ്വപ്‌നയുടെ ആരോപണത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്? അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് മേല്‍ ചെളി തെറിപ്പിക്കാന്‍ ശ്രമിക്കുന്നു.

കൊച്ചി :  കെ.പി.സി.സി അധ്യക്ഷനെതിരെ വ്യാജ കേസുണ്ടാക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ അവരുടെ വൈര്യനിര്യാതന ബുദ്ധി ഒന്നുകൂടി പ്രകടിപ്പിച്ചിരിക്കുകയാണ്. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞ് കിടക്കുകയാണ് സര്‍ക്കാര്‍. ചെളിക്കുണ്ടില്‍ കിടക്കുന്നവര്‍ അവിടെ എഴുന്നേറ്റ്

നിന്ന് മറ്റുള്ളവരുടെ മേല്‍ ചെളി തെറിപ്പിക്കുകയാണ്. ആ ചെളി ഞങ്ങളുടെ മേല്‍ തെറിപ്പിക്കാമെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ അത് നടക്കില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും നാണംകെട്ട് കേരളത്തിന് മുന്നില്‍ നില്‍ക്കുകയാണ്. അതില്‍ നിന്നും രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് സി.പി.എം.

കെ. സുധാകരന്‍ ഒറ്റയ്ക്കല്ല, ജനാധിപത്യ കേരളം ഒറ്റക്കെട്ടായി നിന്ന് കള്ളക്കേസിനെ പ്രതിരോധിക്കും. കോണ്‍ഗ്രസും യു.ഡി.എഫും സുധാകരനൊപ്പം ഒറ്റക്കെട്ടാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ചങ്ക് കൊടുത്തും ഞങ്ങള്‍ കെ.പി.സി.സി അധ്യക്ഷനെ സംരക്ഷിക്കും. കേസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ അദ്ദേഹം തയാറായില്‍ പോലും പാര്‍ട്ടി അതിന് അനുവാദം നല്‍കില്ല. രാഷ്ട്രീയവും നിയമപരവുമായ എല്ലാ കവചവും സുധാകരന് കോണ്‍ഗ്രസ് ഒരുക്കിക്കൊടുക്കും. ജീവന്‍ കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ സംരക്ഷിക്കും. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ പിണറായി ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തില്ല.

കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെ.പി.സി.സി അധ്യക്ഷന്‍ കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടേനെ. ആര് മൊഴി നല്‍കിയാലും പൊലീസ് കേസെടുക്കുമോ? സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലും

ആരോപണത്തില്‍ കേസെടുത്തോ? അഴിമതി ക്യാമറ, കെ ഫോണ്‍, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതികളില്‍ തെളിവ് സഹിതം ഗുരുതര അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിട്ടും കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ആരുടെയെങ്കിലും കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍പ്പെടുത്തുകയാണ്.

എ.കെ.ജി സെന്ററില്‍ എം.വി ഗോവിന്ദന്‍ പത്രസമ്മേളനം നടത്തുന്നതു പോലെയാണ് കെ.പി.സി.സി അധ്യക്ഷനെ ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. പുതിയ തെളിവുകള്‍ കിട്ടിയെന്നാണ് അവകാശവാദം. എല്ലാ കെട്ടിച്ചമച്ചതാണ്. മോന്‍സണ്‍ന്റെ വീട്ടില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയെന്നാണ് പറയുന്നത്. സന്ദര്‍ശിച്ചിട്ടില്ലെന്ന് സുധാകരന്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. മോണ്‍സന്റെ വീട് സന്ദര്‍ശിച്ചാല്‍ അത്

കുറ്റകൃത്യമാകുമോ? ഡ്രൈവറുടെ മൊഴിയുണ്ടെന്നും പറയുന്നുണ്ട്. 2018 മുതല്‍ നടക്കുന്ന അന്വേഷണത്തില്‍ മൂന്നിലധികം തവണ ഈ ഡ്രൈവറെ ചോദ്യം ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും മോന്‍സന്റെ ഈ ഡ്രൈവര്‍ കെ. സുധാകരനെതിരെ ഒരു പരാമര്‍ശവും നടത്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചതിന് ശേഷമാണ് പുതിയ തെളിവ് കിട്ടിയെന്ന് പറയുന്നത്. 2.65 ലക്ഷം കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് മോന്‍സണ്‍ പറഞ്ഞപ്പോള്‍ അത് വിശ്വസിച്ച് 10 കോടി കൊടുത്തെന്നാണ് പറയുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞിട്ടല്ല ആ പണം കൊടുത്തത്. പിന്നീട് 25 ലക്ഷം

കൊടുത്തത് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. 10 കോടി നല്‍കാന്‍ ആരുടെയും സാന്നിധ്യം വേണ്ടാതിരുന്നവര്‍ 25 ലക്ഷം കൊടുത്തത് കെ. സുധാകരന്റെ ഉറപ്പിലാണെന്നത് വിശ്വസിക്കാനാകില്ല. എം.പി അല്ലാതിരുന്ന കെ. സുധാകരന്‍ എം.പിയാണെന്നും പാര്‍ലമെന്റ് പബ്ലിക് ഫിനാന്‍സ് കമ്മിറ്റി അംഗമാണെന്നും മോന്‍സണ്‍ പറഞ്ഞപ്പോള്‍ പണം നല്‍കാന്‍ വന്നവര്‍ വിശ്വസിച്ചുവെന്ന മൊഴിയും സംശയകരമാണ്. തെറ്റായ പശ്ചാത്തലമുള്ളവരാണ് പരാതിക്കാര്‍. 2.65 ലക്ഷം കോടിയുടെയും പത്ത് കോടിയുടെയും കഥ വിശ്വസനീയമല്ല. ഇവര്‍ക്ക് മോന്‍സണുമായുള്ള നിയമവിരുദ്ധ ഇടപാട് കൂടി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവരെക്കൂടി ഭീഷണിപ്പെടുത്തി സുധാകരനെതിരെ മൊഴിയുണ്ടാക്കി ജയിലില്‍ അടയ്ക്കാനാണ് ശ്രമിച്ചത്.

സുധാകരന്‍ മാത്രമല്ല, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ട്. വീട്ടില്‍ പോയത് കുറ്റകൃത്യമാണെങ്കില്‍ എത്ര പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം? മോന്‍സന്റെ ചെമ്പോലയെ അടിസ്ഥാനമാക്കി ശബരിമലയുടെ ചരിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്

ദേശാഭിമാനിയല്ലേ? അത് വ്യാജ വാര്‍ത്തയല്ലേ? മോന്‍സനുമായി ദേശാഭിമാനിക്കും ബന്ധമുണ്ടായിരുന്നല്ലോ? മോന്‍സന്റെ വീട്ടില്‍ പോകാതെ ദേശാഭിമാനിക്ക് ചെമ്പോല കിട്ടിയത് എങ്ങനെയാണ്? മോന്‍സന്റെ വീട്ടില്‍ പോയി ചെമ്പോല വാങ്ങി പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനിയാണ് സുധാകരനെതിരെ ചോദ്യം ചോദിക്കുന്നത്.

കെ. സുധാകരനെതിരെ പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ മൊഴിയുണ്ടെന്ന വ്യാജ വാര്‍ത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചു. അത് വായിച്ചിട്ടാണ് എം.വി ഗോവിന്ദന്‍ സുധാകരനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പക്ഷെ അങ്ങനെയൊരു മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നിട്ടും താന്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നെന്നാണ് ഗോവിന്ദന്‍ ഇന്നലെയും പറഞ്ഞത്. ദേശാഭിമാനി വായിച്ച് ആരോപണം ഉന്നയിക്കാന്‍ പോയാല്‍ എം.വി ഗോവിന്ദന്‍ ഒരു പരുവത്തിലാകും. പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിലെ ക്രൈംബ്രാഞ്ചിനെയാണോ ദേശാഭിമാനിയിലെ വ്യാജ വാര്‍ത്തയാണോ എം.വി ഗോവിന്ദന് വിശ്വാസമെന്ന് വ്യക്തമാക്കണം.

വ്യജ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കും അത് ആവര്‍ത്തിച്ച എം.വി ഗോവിന്ദനും എതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ആരോപണ വിധേയനായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരാതി നല്‍കിയപ്പോള്‍ കെ.എസ്.യു പ്രസിഡന്റിനും പ്രിന്‍സിപ്പലിനും മാധ്യമ പ്രവര്‍ത്തകയ്ക്കും എതിരെ കേസെടുത്തില്ലേ? വ്യാജ വാര്‍ത്തയില്‍ ദേശാഭിമാനിക്കും എം.വി ഗോവിന്ദനും എതിരെ കെ.പി.സി.സി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ല. പെണ്‍കുട്ടിയ പീഡിപ്പിച്ചപ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നെന്ന് പറഞ്ഞ ദേശാഭിമാനി ഇപ്പോള്‍ അത് മാറ്റി. പീഡിപ്പിച്ചിരുന്ന കാലത്ത് സുധാകരന്‍ അവിടെ പോയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്ത് അപവാദവും എഴുതിപ്പിടിപ്പിച്ച് സി.പി.എം നേതാക്കള്‍ അത് ആവര്‍ത്തിച്ച് വഴിയില്‍ക്കൂടി പോകുന്ന ആരെയെങ്കിലും വിളിച്ച് പരാതി എഴുതി വാങ്ങി കേസെടുത്ത് ആരെയാണ് ഭയപ്പെടുത്തുന്നത്?

സര്‍ക്കാരിന്റെ എല്ലാ വൃത്തികേടുകളെയും തുറന്ന് കാട്ടാനുള്ള സമര പരമ്പരകളും പ്രതിഷേധവും ഇന്നലെ മുതല്‍ സംസ്ഥാനത്ത് എല്ലായിടത്തും നടക്കുകയാണ്. അത് തുടരും. ഈ മാസം നാലിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് നടത്തും. സര്‍ക്കാരിനെ തുറന്നു കാട്ടാനുള്ള സമര പരിപാടികളുമായി കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ട് പോകും.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *