ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 27ന്

Spread the love

സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക, വിഷരഹിത പച്ചക്കറി ഉല്പാദനം കാര്യക്ഷമമായി നടപ്പിൽ വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ കാമ്പയിന്റെ ഭാഗമായി ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (27 ജൂൺ) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയറ്റ് അങ്കണത്തിൽ വച്ച് നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകുന്ന വേദിയിൽ മന്ത്രിമാർ, കൃഷി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഓണനാളുകളിൽ വിഷരഹിതമായ പച്ചക്കറികൾ വീട്ടുവളപ്പിൽ നിന്നുതന്നെ ലഭ്യമാക്കാൻ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’. പച്ചക്കറി ഉല്പാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി 2023-24 സാമ്പത്തിക വർഷം നടപ്പിലാക്കുവാൻ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകൾ വഴി സൗജന്യമായി നൽകും. കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീകൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *