ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന ആരംഭിച്ചു

Spread the love

തീരസുരക്ഷ ഉറപ്പാക്കാൻ തൃശൂർ ജില്ലയില്‍ യന്ത്രവത്കൃത ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ്റെ കീഴിൽ ആരംഭിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നാല് സംഘങ്ങളായി തിരിച്ചാണ് യാനങ്ങളുടെ പരിശോധന.മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത് ‘റിയൽ ക്രാഫ്റ്റ്’ സോഫ്റ്റ്‌വെയർ വഴിയാണ്. സോഫ്ട്‍വെയറിന്റെ ഫ്ളീറ്റിൽ യാനങ്ങളുടെ എണ്ണം കൂടുതൽ കാണിക്കുന്നത് പരിഹരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ മുൻനിർത്തിയാണ് യാനങ്ങളുടെ യഥാർത്ഥ എണ്ണം കണക്കാക്കുവാൻ പരിശോധന നടത്തുന്നത്. ഇത് വിവിധ പദ്ധതി നിർവഹണത്തിനും തീരസുരക്ഷയ്ക്കും സഹായകരമാകും.അഴീക്കോട് – മുനമ്പം കേന്ദ്രീകരിച്ച് ഓപ്പറേറ്റ് ചെയ്യുന്ന ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പരിശോധന അഴീക്കോട് ഹാർബർ, മുനമ്പം ഹാർബർ, പടന്ന, കോലോത്തുംകടവ്, വിവിധ യാർഡുകൾ എന്നീ സ്ഥലങ്ങളിൽ വെച്ച് പൂർത്തിയാക്കി. കൂടാതെ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് മത്സ്യ ബന്ധന യാന സേവന കൗണ്ടർ സംശയ നിവാരണങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും പ്രവർത്തിക്കുന്നുണ്ട്.ജില്ലയിലെ ഉടമകളുടെ യാനം മറ്റു ജില്ലകളിൽ നിലവിൽ ഉണ്ടെങ്കിൽ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർക്ക് മുൻകൂട്ടി അപേക്ഷ നൽകുകയും അത്തരം യാനങ്ങൾ അതാത് ജില്ലകളിൽ തന്നെ പരിശോധിക്കുന്നതിനായി സൗകര്യം ചെയ്യുന്നതുമാണ്.ജില്ലയിലെ യാനങ്ങളുടെ രണ്ടാം ഘട്ട ഭൗതിക പരിശോധനാ യജ്ഞത്തിന്റെ ഭാഗമായി ജൂലൈ മൂന്ന്, നാല് തീയതികളിൽ ചേറ്റുവ ഹാർബർ, മുനക്കകടവ് ഫിഷ് ലാൻഡിങ് സെന്റർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാവിലെ 9.30 മുതൽ നാല് മണി വരെയാണ് പരിശോധന.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ അശ്വിൻ രാജ്, എ ഫൈസൽ, ശ്രുതിമോൾ, അസിസ്റ്റൻറ് രജിസ്ട്രാർ കെ. നിസാമുദ്ദീൻ, മെക്കാനിക് ജയചന്ദ്രൻ, എ എഫ് ഇ ഒമാരായ ലീന തോമസ്, സംന ഗോപൻ, ഓഫീസ് അസിസ്റ്റൻ്റ് കെ എ രാംകുമാർ, മറെെൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരായ ഷിനിൽകുമാർ, വി എൻപ്രശാന്ത് കുമാർ എന്നിവരും സീ റെസ്ക്യൂ ഗാർഡുമാരും സാഗർ മിത്ര അംഗങ്ങളും ഭൗതിക പരിശോധന സംഘത്തിൽ ഉണ്ടായി.

Author

Leave a Reply

Your email address will not be published. Required fields are marked *