ഏകീകൃത സിവില്‍ കോഡിനെതിരേ ശക്തമായ പ്രക്ഷോഭം – കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Spread the love

ബുധനാഴ്ച കോണ്‍ഗ്രസ് നേതൃയോഗം

രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ബിജെപി രൂപം കൊടുത്ത ഏകീകൃത സിവില്‍ കോഡിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ ജൂലൈ 5ന് (ബുധന്‍) കെപിസിസി നേതൃയോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, പോഷകസംഘടനകളുടെ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഏകീകൃതസിവില്‍ കോഡിനെതിരേ എഐസിസിക്കും കെപിസിസിക്കും വ്യക്തവും ശക്തവുമായ നിലപാടാണുള്ളത്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്നു പറഞ്ഞത് തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഇതൊരു ഇലക്ഷന്‍ കോഡാണ്. മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മീഷന്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏകീകൃതസിവില്‍ കോഡ് നടപ്പാക്കേണ്ട ആവശ്യമേയില്ലെന്നാണ് സുചിന്തിതമായി വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച കരട് ബില്ലുംപോലും രൂപം കൊടുത്തിട്ടില്ല.

എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാല്‍ എല്ലാവരെയും ഒന്നിച്ച് അണിനിരത്തിയുള്ള അതിശക്തമായ പോരാട്ടമാണ് വേണ്ടത്. എന്നാല്‍ സിപിഎം ഇതൊരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമായി ചിത്രീകരിച്ച് വിഭാഗീയത ആളിക്കത്തിക്കുകയാണ്. ബിജെപിയും സിപിഎമ്മും വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൈവരിക്കാനാണ് ശ്രമിക്കുന്നത്.

യൂണിഫോം സിവില്‍ കോഡിനെതിരേ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് സുധാകരന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *