പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു

Spread the love

പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കും: മന്ത്രി വി. ശിവൻകുട്ടി
ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പ്ലസ് വൺ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിച്ച് അവർക്ക് തുടർപഠനത്തിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
3,16,772 വിദ്യാർഥികളാണ് സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ പ്രവേശനം നേടിയത്. ജൂലൈ 8 മുതൽ 12 വരെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെൻറ് നടക്കും. ജൂലൈ 16 ഓടെ സപ്ലിമെൻററി അലോട്ട്‌മെൻറ് നടപടികൾ പൂർത്തിയാകുന്നതോടെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യഘട്ടം കഴിയും. ഇതിനു ശേഷമായിരിക്കും ഒട്ടേറെ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചില്ല എന്ന് പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കുക. എല്ലാ വിദ്യാർഥികളുടെയും ഉപരിപഠനം സാധ്യമാക്കാൻ വേണ്ട കാര്യങ്ങൾ സർക്കാർ നിർവഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂൾ ക്യാമ്പസിലെ മരങ്ങൾ അപകടമുണ്ടാക്കുന്ന നിലയിലാണെങ്കിൽ എത്രയും പെട്ടെന്ന് വെട്ടിമാറ്റണം എന്ന് മന്ത്രി നിർദേശിച്ചു. സാങ്കേതിക ന്യായങ്ങൾ പറഞ്ഞു മരങ്ങൾ മുറിച്ചു മാറ്റാതിരിക്കരുത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാവും. കാസർകോട് മരം തലയിൽ വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. നിരന്തര പരിശ്രമവും ഉത്സാഹവുമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് മന്ത്രി വിദ്യാർഥികളെ ഓർമിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *