ജോപ്പൻ ചേട്ടൻറെ മരണം – ഒരു ഫ്ലാഷ് ബാക്ക്!,സണ്ണി മാളിയേക്കൽ

Spread the love

ഒത്ത പൊക്കവും കട്ട മീശയും മിതഭാഷിയുമായ ജോപ്പൻ ചേട്ടൻ 1970 കാലഘട്ടങ്ങളിൽ തിയോളജി പഠിക്കാൻ അമേരിക്കയിലെത്തുകയും പിന്നീട് അന്നമ്മ ചേച്ചിയെ കല്യാണം കഴിച്ച് 80 കളുടെ തുടക്കത്തിൽ ബ്രോൺസ്, കാർപെൻഡർ അവെന്യൂയിൽ വീട് വാങ്ങി താമസം ആരംഭിച്ച കുടുംബമാണ്. ജോപ്പൻ ചേട്ടനും അന്നമ്മ ചേച്ചിയും ആദ്യകാല മലയാളികളെ, സഹായിച്ച ചരിത്രം പഠിച്ചാൽ ആഗോള സംഘടനയ്ക്ക് പോലും അവരോളം എത്താൻ സാധിച്ചു എന്ന് എനിക്ക് തോന്നുന്നില്ല.

രാത്രി 911 വിളിച്ചാണ് ജോപ്പൻ ചേട്ടനെ ഹോസ്പിറ്റലിൽ എത്തിച്ചത്. കുറച്ചുകാലമായി ജോപ്പൻ ചേട്ടൻ ചില മരുന്നുകൾ കഴിക്കാറുണ്ടെന്നും, അതിൽ അടങ്ങിയിരിക്കുന്ന ഭസ്മം (lead) കിഡ്നിയെ മാത്രമല്ല, ഡൈജസ്റ്റിവ് സിസ്റ്റത്തെ തകരാറിലാക്കി എന്നും മനസ്സിലാക്കുവാൻ കഴിഞ്ഞു. വൈകുന്നേരം ആയപ്പോൾ ജോപ്പൻ ചേട്ടൻ മരണപ്പെട്ടു.

കാർപെന്റർ അവന്യൂവിലെ വീട് നിറയെ ആളുകൾ, വിരലിലെണ്ണാവുന്ന അച്ഛൻമാരും ഒരുപിടി പാസ്റ്റർമാരും മാത്രമുള്ള കാലം. അമേരിക്കയിലെ മരണാനന്തര കാര്യങ്ങളെക്കുറിച്ചുള്ള ചർച്ച. പെട്ടിയുടെ വില, വേക്ക്, ഫ്യൂണറൽ ഇതെല്ലാം കേട്ട് ഞെട്ടി പോയി. അന്നമ്മ ചേച്ചി തളർന്നു കിടക്കുകയാണ്. കാര്യങ്ങൾ എങ്ങനെയാണ് എന്ന് ചോദിച്ചു മനസ്സിലാക്കണം. പെട്ടെന്നാണ് ചാടി എഴുന്നേറ്റ് അന്നമ്മ ചേച്ചി പറഞ്ഞത്, ജോപ്പൻ ചേട്ടൻ ആകെ ഒരേയൊരു മകനാണ്, അപ്പച്ചൻ ജീവിച്ചിരിപ്പുണ്ട്. ജോപ്പൻ ചേട്ടൻ എപ്പോഴും പറയും അമ്മയുടെ കല്ലറയുടെ അടുത്ത് കിടക്കണം അതുകൊണ്ട് നാട്ടിൽ അടക്കണമെന്ന്. കാര്യപരിപാടികൾക്ക് മൊത്തം മാറ്റം. ബോഡി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഫോർമാലിറ്റീസ് തുടങ്ങി .പ്രധാന പ്രശ്നം പഴയ കൊച്ചി എയർപോർട്ടിൽ കാർഗോ പോർട്ട്‌ ഇല്ല. തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങുവാൻ സാധിക്കും. ജോപ്പൻ ചേട്ടൻറെ തറവാട് വീട് അങ്കമാലി അടുത്താണ്. ജോപ്പൻ ചേട്ടൻറെ അളിയൻ മിലിറ്ററിക്കാരൻ ഔസേപ്പച്ചനോട് ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. ഞാനും സുഹൃത്ത് രാജനും കൂടെ പോകുവാനും തീരുമാനിച്ചു. ഫ്രാങ്ക്ഫർട്ട് വഴി ഞങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചു.

തിരുവനന്തപുരത്ത് കാർഗോയിൽ നിന്നും പെട്ടിയിറക്കിയപ്പോഴാണ് മനസ്സിലാവുന്നത് പെട്ടി ആംബുലൻസിൽ കയറില്ല എന്ന്. കൂടെ വന്നിരുന്ന പഞ്ചായത്ത് പ്രസിഡൻറ് പെട്ടെന്ന് തന്നെ ഒരു ലോറി തരപ്പെടുത്തി . പെട്ടി ലോറിയിലും ,അന്നമ്മ ചേച്ചിയും കുട്ടികളും ആംബുലൻസിലും, ഞാനും രാജനും പഞ്ചായത്ത് പ്രസിഡണ്ട് വന്ന കാറിലും യാത്രയായി. ഏതാണ്ട് 250 കിലോമീറ്റർ യാത്രയാണ് , ഉച്ചയോടെ അടുത്തപ്പോൾ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു ഞങ്ങളെല്ലാവരും തലേദിവസം വന്നതാണ് നല്ല വിശപ്പുണ്ട് ഒന്നും കഴിച്ചിട്ടില്ല. ഉച്ചഭക്ഷണം കഴിക്കാതെ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ് എന്ന് .

ഊണ് തയ്യാർ എന്ന് എഴുതിവെച്ച ഒരു ഹോട്ടലിലേക്ക് ഞങ്ങൾ കയറി. ഹോട്ടലുടമയും അദ്ദേഹത്തിൻറെ ഭാര്യയും ഓടിനടന്ന് എല്ലാവർക്കും ഭക്ഷണം കൊടുത്തു. സിഗരറ്റ് വലിച്ചും, ഏമ്പക്കം വിട്ടു കല്യാണവീട്ടിൽ നിന്ന് ഇറങ്ങുന്നത് പോലെ എല്ലാവരും വീണ്ടും യാത്രയായി. ട്രാഫിക് തടസ്സങ്ങളും നാലുമണി ചായയും കഴിഞ്ഞ് ജോപ്പൻ ചേട്ടൻറെ വീട്ടിൽ എത്തിയപ്പോൾ സന്ധ്യയോട് അടുത്തു.

മുറ്റത്ത് ഒരു ടാർപ്പാളിൻ വലിച്ചു കെട്ടിയിട്ടുണ്ട്. കട്ടിലും, കുരിശും, മെഴുകുതിരികാലും റെഡിയാണ്. ജോപ്പൻ ചേട്ടന്റെയും അന്നമ്മ ചേച്ചിയുടെയും അമേരിക്കയിലെ നെറ്റ്‌വർക്ക് അനുസരിച്ച് വലിയ ആൾക്കൂട്ടവും മറ്റും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അവിടെ ഇവിടെയായി എല്ലാം കൂടെ കുറച്ച് ആളുകൾ. ഒറ്റമുണ്ടെടുത്ത് ഒരു അപ്പച്ചൻ കട്ടിലിനു ചുറ്റും നടപ്പുണ്ട്. കുറച്ച് പേർ മതിലിന് പുറത്ത് നിൽപ്പുണ്ട്. അന്നമ്മ ചേച്ചിയെയും മക്കളെയും കെട്ടിപ്പിടിച്ച് ആ അപ്പച്ചൻ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു.

എനിക്കും രാജനും അത്യാവശ്യമായി ഒന്ന് കുളിക്കണം. ഔസേപ്പച്ചനോട് ഞാൻ കാര്യം പറഞ്ഞു.
വളരെ ശക്തമായ ഭാഷയിൽ ,”പെട്ടി തുറന്ന് കാര്യപരിപാടികൾ നടക്കാതെ നമുക്ക് മറ്റു കാര്യങ്ങൾ ഒന്നും ചെയ്യാൻ പറ്റില്ല” എന്ന് അദ്ദേഹം കർക്കശമായി പറഞ്ഞു. കൂടി നിന്നിരുന്ന ആളുകൾ, പെട്ടി ഇറക്കുവാൻ സഹായിച്ചു. ബോഡിയുടെ അവസ്ഥ എങ്ങനെയാണെന്ന് അറിയില്ല അതുകൊണ്ട് രാവിലെ പെട്ടി തുറക്കുകയും പ്രാർത്ഥനയും , അതോടനുബന്ധിച്ച് എത്രയും വേഗം ശവസംസ്കാരം നടത്തുന്നതായിരിക്കും നല്ലത് ,രാത്രി മുഴുവനും തുറന്നു വെച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിയല്ല എന്ന് ഞങ്ങൾ ഔസേപ്പച്ചനോട് പറഞ്ഞു .” ഇല്ല , പുറത്തുള്ള പെട്ടി തുറന്നാൽ മതി ക്യാസ്ക്കെറ്റ് തുറക്കേണ്ട, ക്യാസ്ക്കെറ്റ് നാളെ തുറക്കാം “എന്ന് ഔസേപ്പച്ചൻ പറഞ്ഞു. എല്ലാ കാര്യങ്ങളും ഞങ്ങളെക്കാൾ ഔസേപ്പച്ചന് അറിയാം എന്ന് മനസ്സിലായി. പലകയിൽ നാഗ(zinc)തകിടിൽ പൊതിഞ്ഞ് , എയർ ടൈറ്റ് ആയി, ഫോർക്ക് ലിഫ്റ്റ് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കിയ പെട്ടിക്ക് അകത്താണ്, ക്യാസ്ക്കെറ്റ്- അതിനകത്താണ് ബോഡി.

എന്നെയും രാജനെയും മാറ്റി നിർത്തി ഔസേപ്പച്ചൻ പറഞ്ഞു, പുറമേയുള്ള തടിപെട്ടിക്ക് ആവശ്യക്കാരൻ വന്നിട്ടുണ്ട്, അവരാണ് , പെട്ടി ഇറക്കുവാനും മറ്റും സഹായിക്കുന്നതും. തുകയുടെ കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം ഞാൻ കൈകാര്യം ചെയ്യാം, അടുത്ത വീട്ടിൽ നിങ്ങൾക്ക് കുളിക്കുവാനും മറ്റു സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. ഞങ്ങൾ കുളി കഴിഞ്ഞു വന്നപ്പോൾ, ക്യാസ്ക്കറ്റ് തുറന്ന് പ്രാർത്ഥനകൾ ആരംഭിച്ചിരുന്നു. ഞങ്ങളാ പന്തലിൽ അപ്പച്ചനുമായി സംസാരിച്ചിരുന്നു. രാത്രിയായപ്പോൾ നാട്ടിലെ സാധാരണ ഒരു പെട്ടിയും ആരോ കൊണ്ട് അവിടെ വെച്ചിരുന്നു. ആ പെട്ടിയുടെ ആവശ്യം വരില്ല എന്ന് ഞങ്ങൾ പറഞ്ഞു. ഔസേപ്പച്ചനാണ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അദ്ദേഹം എല്ലാം നോക്കിക്കോളും എന്ന് ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നർ പറഞ്ഞു.എപ്പോഴോ ഞങ്ങൾ മയങ്ങിപ്പോയി. കണ്ണുതുറന്നു നോക്കുമ്പോൾ, നാടൻ പെട്ടിയിൽ ജോപ്പൻ ചേട്ടനെ പൂക്കളെല്ലാമായി അലങ്കരിച്ച് ഒരുക്കിയിരുന്നു.

ചടങ്ങുകൾക്ക് ശേഷം ആ നാട്ടിലെ പതിവ് , പങ്കെടുത്തവരെല്ലാം വീട്ടിൽ വന്ന് ചോറും സാമ്പാറും കഴിച്ച് തിരിച്ചു പോകും. അടുത്തിരുന്ന രണ്ടുപേർ അടക്കം പറയുന്നത് കേട്ടു, ജോപ്പൻ ചേട്ടനെ അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന പുറമേയുള്ള തടിപെട്ടി, കോൾഡ് സ്റ്റോറേജ് നടത്തുന്ന ടോമിച്ചൻ അമ്പതിനായിരം രൂപയ്ക്കും അകത്തു ബോഡി കൊണ്ടുവന്ന തലപൊങ്ങുന്ന തിളങ്ങുന്ന പെട്ടി വടക്കുള്ള മജീഷ്യൻ ഒരു ലക്ഷം രൂപയ്ക്കും വാങ്ങി പോലും!!

Author

Leave a Reply

Your email address will not be published. Required fields are marked *