കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഇന്ന് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം

Spread the love

ഇന്നലെ കെപിസിസി എക്സിക്യൂട്ടീവ് യോഗം ഇന്ദിരാഭവനില്‍ ചേര്‍ന്നു. കെപിസിസി ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും എംപിമാരും എംഎല്‍എമാരും പങ്കെടുത്തു. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടന്നു.

1) ഏകവ്യക്തി നിയമത്തിനെതിരേ ജനസദസ്- ബഹുസ്വരതയുടെ ആഘോഷം.

ഏകവ്യക്തി നിയമത്തെ (Uniform Civil Code ) കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു. എക്കാലത്തും കോണ്‍ഗ്രസിന്റെ നിലപാട് അതു തന്നെയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയവത്കരിക്കാനും ശ്രമിക്കുന്ന ബിജെപിയുടെ വിഭജന തന്ത്രങ്ങള്‍ക്കെതിരെ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ഈ ജൂലൈ മാസത്തില്‍ത്തന്നെ കേരളത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ‘ബഹുസ്വരതാ സംഗമങ്ങള്‍’ എന്ന പേരില്‍ ജനസദസ് സംഘടിപ്പിക്കും. Celebrating Diversity /ബഹുസ്വരതയുടെ ആഘോഷം എന്നതായിരിക്കും മുദ്രാവാക്യം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ജനസദസ്.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പ് വേളകളിലും ഏകവ്യക്തി നിയമം ഉയര്‍ത്തിക്കൊണ്ടുവന്ന് രാഷ്ട്രീയനേട്ടം കൈവരിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഇത്തവണയും തെരഞ്ഞെടുപ്പ് അടുക്കാറായപ്പോഴാണ് ഈ വിഭജന കാര്‍ഡ് ഇറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, മണിപ്പൂരിലടക്കമുള്ള ക്രമസമാധാനത്തകര്‍ച്ച എന്നിങ്ങനെയുള്ള ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് ബിജെപി ഈ വൈകാരിക വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്.

ഏകവ്യക്തി നിയമം നടപ്പാക്കുമ്പോള്‍ അതു ബാധിക്കാന്‍ പോകുന്നത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏകവ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. രാജ്യത്തെ വൈവിധ്യങ്ങള്‍ എന്നത് നിലനില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമായതിനാല്‍ വിവിധങ്ങളായ വ്യക്തിനിയമങ്ങള്‍ ഉണ്ടാവുക എന്നതും തികച്ചും സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് വ്യക്തിനിയമം ഏകീകരിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. അതവരുടെ ഏകശിലാത്മകമായ ദേശീയതാ സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ ബഹുസ്വര ദേശീയതയാണ് കോണ്‍ഗ്രസിന്റേയും ഇന്ത്യന്‍ ഭരണഘടനയുടേയും കാഴ്ചപ്പാട്. അതുകൊണ്ടാണ് ഏകവ്യക്തി നിയമം നടപ്പാക്കാതിരിക്കാനുള്ള ജാഗ്രത ഭരണഘടനാ ശില്‍പ്പികള്‍ തന്നെ കാണിച്ചത്.

നരേന്ദ്രമോദി തന്നെ നിയമിച്ച ലോ കമ്മീഷന്‍ 2018ല്‍ നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നത് ഏകവ്യക്തി നിയമം കോഡ് ഇന്ത്യക്ക് അഭിലഷണീയമോ അനിവാര്യമോ അല്ല എന്നാണ്. സുചിന്തിതമായ ഈ അഭിപ്രായം തന്നെയാണ് കോണ്‍ഗ്രസിനും എന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ സിപിഎം ഇത് മുസ്ലീംകളെ മാത്രം ബാധിക്കുന്ന വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന് വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു. 1985ല്‍ ഷാബാനു കേസില്‍ കോടതി വിധി വന്നതിനെ തുടര്‍ന്ന് ഏകവ്യക്തി നിയമം വേണമെന്ന് വ്യക്തമായ നിലപാടെടുക്കുകയും 1987ലെ തെരഞ്ഞടുപ്പില്‍ ശരീയത്തിനെ കടന്നാക്രമിച്ച് ഹിന്ദു വര്‍ഗീയത ഇളക്കിവിടുകയാണ് ഇഎംഎസും സിപിഎമ്മിന്റെ മുഴുവന്‍ നേതൃത്വവും ചെയ്തത്. ഇകെ നായനാരും സുശീലാ

ഗോപാലനും പി സതീദേവിയുമൊക്കെ ഏകവ്യക്തി നിയമത്തിന് അനുകൂലമായി പല ഘട്ടങ്ങളിലും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് പ്രത്യേക നിയമ നിര്‍മാണത്തിലൂടെ മുസ്ലീം ജനവിഭാഗത്തിന് സംരക്ഷണം നല്കിയത്. കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കാന്‍ ചെല്ലുന്നതുപോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങിച്ചെല്ലുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *