ഫെഡറല്‍ ബാങ്കില്‍ ഓഫീസര്‍, അസോസിയേറ്റ് തസ്തികകളില്‍ അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കില്‍ യുവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് 1 ഓഫീസര്‍, അസോസിയേറ്റ് (ക്ലറിക്കല്‍) തസ്തികകളില്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ഓഫീസര്‍ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2023 ജൂണ്‍ ഒന്നിന് 27 വയസ്സ് കവിയരുത്. കൂടാതെ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര

ബിരുദം എന്നിവയ്ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. നോണ്‍ ഓഫീസര്‍ (ക്ലറിക്കല്‍) കേഡറിലുള്ള അസോസിയേറ്റ് തസ്തികയില്‍ അപേക്ഷിക്കാനുള്ള യോഗ്യത ബിരുദമാണ്. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നിവയ്ക്ക് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും നേടിയിരിക്കണം. 2023 ജൂണ്‍ ഒന്നിന് 24 വയസ്സ് കവിയാന്‍ പാടില്ല. രണ്ടു തസ്തികകളിലും എസ് സി/ എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷം വയസ്സിളവുണ്ട്.

ഫെഡറല്‍ ബാങ്കിന്റെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച ശമ്പള പാക്കേജ്, ബാങ്കിങ് മേഖലയിലെ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പരിശീലനം, വളര്‍ച്ചാ അവസരങ്ങള്‍ എന്നിവ ലഭിക്കും.

കഴിവുറ്റ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അവസരങ്ങള്‍ നല്‍കി പരിപോഷിപ്പിക്കുകയും കരിയറുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നതില്‍ ഫെഡറല്‍ ബാങ്ക് എന്നും ബദ്ധശ്രദ്ധരാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച ബാങ്കിങ് അനുഭവം നല്‍കുന്നതിനുള്ള ബാങ്കിന്റെ പരിശ്രമങ്ങളുടെ ഭാഗമാകാന്‍ പുതിയ ഉദ്യോഗാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ അജിത് കുമാര്‍ കെ. കെ. പറഞ്ഞു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *