വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തണം: മന്ത്രി വി ശിവന്‍കുട്ടി

Spread the love

അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളില്‍ കാര്‍ഷിക താത്പര്യവും പരിസ്ഥിതി സ്‌നേഹവും വളര്‍ത്തുന്നതിന് ജില്ലാ ശിശുക്ഷേമ സമിതിയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന ‘എന്റെ വിദ്യാലയം എന്റെ കൃഷി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ടി കെ ഡി എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ പാഠ്യപദ്ധതിയില്‍ കൃഷിയുടെ പ്രാധാന്യം വിവരിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് ഏറെ നേട്ടങ്ങളുണ്ടാക്കും. വ്യത്യസ്ത കാര്‍ഷിക രീതികള്‍, അതിന്റെ പിന്നിലെ ശാസ്ത്രം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കുന്നു. കൃഷിയോടുള്ള താത്പര്യം വളര്‍ത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വലിയ മുതല്‍കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 30 സ്‌കൂളുകള്‍ക്ക് 125 ചെടിച്ചട്ടികള്‍ വീതമാണ് നല്‍കുന്നത്. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച പുതിയ വളം ഉള്‍പ്പെടെയാണ് വിതരണം ചെയ്യുക. 45 ദിവസത്തില്‍ ഇവ കായ്ക്കും. തുടര്‍ന്ന് വിളവെടുപ്പ് നടത്തും. ഓരോ ദിവസവും ഓരോ ക്ലാസിലെ കുട്ടികളാണ് ചെടിച്ചട്ടികളുടെ പരിപാലനം നടത്തുക. ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങള്‍, വിവിധ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളില്‍ വിപുലമായ കാര്‍ഷിക സംസ്‌കാരം രൂപീകരിക്കാന്‍ ആവിഷ്‌കരിച്ച മാതൃക പദ്ധതിയാണിത്. കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പെരുമ്പുഴയില്‍ ബൃഹദ് രീതിയിലുള്ള കൃഷി ആരംഭിക്കാനും ശിശുക്ഷേമ സമിതി ലക്ഷ്യമിടുന്നു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍ ഗീത അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്കുള്ള വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ഓയില്‍ ഫാം ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോര്‍ജ് മാത്യു നിര്‍വഹിച്ചു. യൂണിയന്‍ ബാങ്കുമായിട്ടുള്ള ധാരണാ പത്ര പ്രകാശനവും ലോഗോ പ്രകാശവും മന്ത്രി നിര്‍വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ ഡി ഷൈന്‍ ദേവ്, യൂണിയന്‍ ബാങ്ക് ചീഫ് മാനേജര്‍ രാജേഷ് കുമാര്‍ ശുക്ല, ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷന്‍ കൗണ്‍സിലര്‍ എസ് അമ്പിളി, ഡി ഇ ഒ തങ്കമണി, ജെ എ ഇ ഒ ആന്റണി പീറ്റര്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സിനി വര്‍ഗീസ്, വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ ടി എം ബിന്ദു, പ്രോഗ്രാം കണ്‍വീനര്‍ എസ് ദിലീപ്, ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. ഷീബ ആന്റണി, ജില്ലാ ട്രഷറര്‍എന്‍ അജിത് പ്രസാദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കറവൂര്‍ എല്‍ വര്‍ഗീസ്, ആര്‍ മനോജ്, യൂണിയന്‍ ബാങ്ക് മാനേജര്‍ വിഷ്ണു, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബോധിനി ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാര്‍ഷിക നൃത്ത ശില്‍പം അവതരിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി കാര്‍ഷിക ക്വിസ് മത്സരവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *