മനുഷ്യത്വത്തിനെതിരായ പാതകങ്ങള്‍ എണ്ണിപ്പറഞ്ഞ് മണിപ്പൂരി വനിത – ജോയിച്ചൻപുതുക്കുളം

Spread the love

മണിപ്പൂരില്‍ നടക്കുന്നത് മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത ക്രൂരതകളാണെന്ന് മണിപ്പൂരി വംശജ നിയാംഗ് ഹാംഗ്‌സോ. ആയിരങ്ങള്‍ തടിച്ചുകൂടി സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ ആണും പെണ്ണും മത്സരിക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്.

പീഡനമനുഭവിക്കുന്ന മണിപ്പൂരികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ക്രൈസ്തവ ആക്ടിവിസ്റ്റുകള്‍ സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ മണിപ്പൂരിലെ തന്റെ ബന്ധുക്കള്‍ക്ക് നേരിട്ട ദുരവസ്ഥ അവര്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്നവര്‍ കണ്ണീരണിഞ്ഞു. ഈ ഭീകരതയ്‌ക്കെതിരേ ഐക്യരാഷ്ട്ര സഭയ്ക്കു മുന്നില്‍ അടുത്തമാസം അഞ്ചിന് (ഓഗസ്റ്റ് 5) പ്രെയര്‍ വിജില്‍ നടത്താനും യോഗം തീരുമാനിച്ചു.

കുക്കികള്‍ എന്നുപറയുന്നത് ഒരു ഗോത്രമല്ലെന്ന് മറ്റൊരു മണിപ്പൂരി വംശജനായ ജോണ്‍ പുഡയിറ്റ് പറഞ്ഞു. താന്‍ ഹമാർ ഗോത്രക്കാരനാണ്. നിയാംഗ് പൈറ്റ് ഗോത്രക്കാരി. ഇന്ത്യയും ബര്‍മ്മയും എന്നു അതിര്‍ത്തി വിഭജിക്കുന്നതിനു മുമ്പ് മലനിരകളില്‍ തങ്ങളുടെ പൂര്‍വ്വികര്‍ വസിച്ചിരുന്നു. കുക്കികള്‍ കുടിയേറ്റക്കാരാണെന്നും പോപ്പി കൃഷിക്കാരാണെന്നുമുള്ള തിരക്കഥ ഇപ്പോള്‍ പടച്ചുവിടുന്നുണ്ട്- കൊളറാഡോ സ്പ്രിംഗ്‌സില്‍ താമസിക്കുന്ന ജോണ്‍ പുഡയിറ്റ് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ഡോ. റോച്ചുംഗ പുഡൈറ്റ് ആണ് അമേരിക്കയിൽ ആദ്യമെത്തിയ മണിപ്പൂരി. 1995-ല്‍ എത്തിയ അദ്ദേഹം പിന്നീട് ബൈബിള്‍ പഠന കേന്ദ്രവും പാര്‍ട്ട്ണര്‍ഷിപ്പ് മിഷന്‍ സൊസൈറ്റിയും സ്ഥാപിച്ചു. ഇവാഞ്ചലിക്കല്‍ ഫ്രീ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ എക്യൂമെനിക്കല്‍ കൗണ്‍സിലംഗമാണ് ജോണ്‍ പുഡൈറ്റ്. തങ്ങളുടെ 13 പള്ളികള്‍ മണിപ്പൂരില്‍ കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ ലംകയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സീല്‍ മട് ക്രിസ്ത്യന്‍ ഹോസ്പിറ്റലില്‍ കലാപത്തിനിരയായവരെ സൗജന്യമായി ചികിത്സിക്കുന്നു.

എന്‍ജിനീയറായ നിയാംഗ് കാലിഫോര്‍ണിയയിലെ സാന്റിയാഗോയില്‍ സെമി കണ്ടക്ടര്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നു. ആറാം ക്ലാസ് വരെ മണിപ്പൂരില്‍ പഠിച്ചു. മെയ്‌തേയി ഭൂരിപക്ഷമുള്ള തലസ്ഥനമായ ഇംഫാലില്‍ ആയിരുന്നു കുടുംബം. ഔദ്യോഗികമായി കലാപം തുടങ്ങിയത് മെയ് 3-ന് ആയിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ ക്രിസ്ത്യന്‍ വീടുകളും പള്ളികളും സ്ഥാപനങ്ങളും മാര്‍ക്ക് ചെയ്തിരുന്നതായി നിയാംഗ് പറഞ്ഞു. അവയുടെ മാപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. കലാപത്തിന്റെ ആദ്യദിനം തന്നെ ഇംഫാലിലെ തന്റെ സഹോദരിയുടെ വീട് ആക്രമിച്ചു. മൂന്നു ജീപ്പുകളില്‍ എത്തിയ പോലീസ് കുടുംബാംങ്ങളെ ആര്‍മി ക്യാമ്പിലേക്ക് മാറ്റി. രക്ഷപ്പെട്ടു. പിറ്റേന്ന് ആക്രമികള്‍ വീട് തീവച്ച് നശിപ്പിച്ചു.

മെയ്‌തേയി വിഭാഗക്കാരായ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. പള്ളികൾ കത്തിച്ചു. പരുക്കേറ്റ ഒരു ഏഴു വയസുകാരനെ ആശുപത്രയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചു. പയ്യന്റെ അച്ഛന്‍ കുക്കിയും, അമ്മ മെയ്‌തേയിയും ആയിരുന്നു. സഹായത്തിനായി ഒരു മെയ്‌തേയി വനിത കൂടി ആംബുലന്‍സില്‍ കയറി. മെയ്‌തേയി എന്ന പരിഗണന തങ്ങള്‍ക്ക് ലഭിക്കുമെന്ന് വനിതകള്‍ കരുതിയിരിക്കണം. എന്നാല്‍ ആംബുലന്‍സ് പുറപ്പെട്ടപ്പോള്‍ രണ്ടുമൂവായിരം വനിതകളാണ് അതിനെ വളഞ്ഞത്. മൂന്നുപേരേയും ജീവനോടെ കത്തിച്ചു. വെറും സാധാരണക്കാരായ വനിതകളാണ് ഇതു ചെയ്തതെന്ന് വിശ്വസിക്കാന്‍ വിഷമം. മനുഷ്യത്വത്തിനെതിരായ പാതകമായിരുന്നു അത്.

മാനസീക കുഴപ്പമുള്ള തന്റെ ഒരു ബന്ധുവായ വനിത ഒരു പള്ളിയോടനുബന്ധിച്ച് ഒരു ഷെഡ് വച്ച് അവിടെയായിരുന്നു താമസം. അവര്‍ക്ക് മാനസീക സ്ഥിരതയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ സൂയിസൈഡ് ബോംബറാണെന്ന് ആരോപിച്ച് ജനക്കൂട്ടം കൊന്നു.

രണ്ടു മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ 125 പെരെങ്കിലും മരിച്ചു. 355 പള്ളികള്‍ കത്തിച്ചു. 175 ഗ്രാമങ്ങള്‍ തകര്‍ത്തു. 41,000 പേരെങ്കിലും അഭയാര്‍ത്ഥികളായി. തന്റെ കുടുംബമടക്കം. എന്തായാലും തന്റെ കുടുംബത്തെ ഡല്‍ഹിയിലേക്ക് മാറ്റി. എന്നാല്‍ എല്ലാവര്‍ക്കും അതിനുള്ള കഴിവില്ലല്ലോ.

Author

Leave a Reply

Your email address will not be published. Required fields are marked *