കെ.എസ്.ആര്‍.ടി.സി പൂട്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമം; ഏക സിവില്‍ കോഡില്‍ രാഷ്ട്രീയ ലാഭം മാത്രമാണ് സി.പി.എം ലക്ഷ്യം

Spread the love

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

മന്ത്രി റിയാസിന്റെ പ്രതികരണം സെമിനാറില്‍ പങ്കെടുത്തവരെ അപമാനിക്കുന്നത്.

കൊച്ചി: പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണനയെ തുടര്‍ന്ന് സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഷെഡ്യൂളുകളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്. സാധാരണക്കാരും വീട്ടുജോലിക്കാരും കൂലിപ്പണിക്കാരും ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനത്തെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ഒരു ദയവും ഇല്ലാത്ത തരത്തിലാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയോട് പെരുമാറുന്നത്. ശമ്പളവും പെന്‍ഷനും നല്‍കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കെ.എസ്.ആര്‍.ടി.സി പൂട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വിഫ്റ്റ് ഉണ്ടാക്കിയത്. ലാഭമുള്ള റൂട്ടുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റി ലാഭകരമല്ലാത്ത റൂട്ടുകളൊക്കെ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കി. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായിട്ടും സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തതില്‍ സര്‍ക്കാരാണ് ഒന്നാം പ്രതി. കെ.എസ്.ആര്‍.ടി.സി അപകടത്തിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷം നിരവധി തവണ നിയമസഭയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മനപൂര്‍വമായി കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ചുള്ള സില്‍വര്‍ ലൈന്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്. സില്‍വര്‍ ലൈന്‍ അപ്രായോഗികമാണെന്ന യു.ഡി.എഫിന്റെ ഉറച്ച നിലപാട് ഇപ്പോള്‍ സര്‍ക്കാരും അംഗീകരിച്ചിരിക്കുകയാണ്. പുതിയ റെയില്‍പ്പാത സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നതല്ലാതെ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ പ്രതിപക്ഷത്തിന് താല്‍പര്യമുണ്ട്. അല്ലാതെ എടുത്തുചാടി എന്തിനെയും എതിര്‍ക്കുന്ന സമീപനം പ്രതിപക്ഷത്തിനില്ല. സില്‍വര്‍ ലൈനിലും വിദഗ്ധരുമായി നിരന്തര ചര്‍ച്ച നടത്തിയ ശേഷമാണ് അത് കേരളത്തില്‍ പ്രായോഗികമല്ലെന്ന നിലപാട് യു.ഡി.എഫ് സ്വീകരിച്ചത്. ഇ ശ്രീധരന്‍ നല്‍കിയ ഒരു പേപ്പറിന്റെ പേരിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. അതിവേഗ റെയില്‍പ്പാതയെ കുറിച്ച് സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണം. എന്താണ് പദ്ധതി? അതിന്റെ ഡി.പി.ആര്‍ എന്താണ്? പദ്ധതി പാരിസ്ഥിതികമായ കേരളത്തെ എങ്ങനെ ബാധിക്കും? ഇതൊക്കെ സര്‍ക്കാര്‍ വ്യക്തമാക്കണം. പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയും സാമ്പത്തികമായി കേരളത്തെ തകര്‍ക്കുകയും ചെയ്യുന്ന പദ്ധതി ആയതിനാലാണ് കെ റെയിലിനെ യു.ഡി.എഫ് എതിര്‍ത്തത്.

കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സപ്ലൈക്കോയും പൂട്ടലിന്റെ വക്കിലാണ്. 3500 കോടിയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്. ഒരു സാധനത്തിന്റെയും വില കൂട്ടില്ലെന്നാണ് എല്‍.ഡി.എഫ് പറഞ്ഞത്. ഒരു സാധനവും സപ്ലൈകോയില്‍ ലഭ്യമല്ലാത്തതിനാല്‍ വില കൂട്ടേണ്ട ആവശ്യമില്ല. രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. 50 മുതല്‍ 150 ശതമാനം വരെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. വിപണി ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത രീതിയിലുള്ള വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. എല്ലാ ദിവസവും നിത്യോപയോഗ സാധനങ്ങളുടെ വില മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തും. അത് മുഖ്യമന്ത്രി തുറന്ന് നോക്കാറില്ലേ? വിലക്കയറ്റം നിയന്ത്രിക്കേണ്ടത് സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡുമാണ്. പക്ഷെ ആ സ്ഥാപനങ്ങളില്‍ സാധനങ്ങളില്ല. പിന്നെ എങ്ങനെയാണ് വിപണി ഇടപെടല്‍ നടത്തുന്നത്. സര്‍ക്കാര്‍ നങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുകയാണ്. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേ? കാലവര്‍ഷക്കെടുതിയിലും ആരോഗ്യ പ്രശ്‌നങ്ങളിലും പനി മരണങ്ങളിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ എന്തു ജോലിയാണ് ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്.

കോഴിക്കോട് സെമിനാര്‍ നടക്കുമ്പോള്‍ തിരുവനന്തപുരത്തേക്കും സി.പി.എം രാജ് ഭവന്‍ മാര്‍ച്ച് നടത്തുമ്പോള്‍ കോഴിക്കോട്ടേക്കും പോകുന്ന ആളാണ് ഇ.പി ജയരാജന്‍. കുറേക്കാലമായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ പിണങ്ങി നടക്കുന്ന ആളാണ് ജയരാജന്‍. കോഴിക്കോട്ടെ സെമിനാറില്‍ അദ്ദേഹത്തിന്റെ പേര് പോലും വച്ചില്ല. അദ്ദേഹത്തെ പൂര്‍ണമായും ഒതുക്കുകയാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കണമെന്നാണ് ഇ.പി ജയരാജന്‍ ആഗ്രഹിക്കുന്നത്.

സി.പി.എം സെമിനാറില്‍ പങ്കെടുത്തവരെയെല്ലാം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് മന്ത്രി മുഹമ്മദ് റിയാസിന്റേത്. കോണ്‍ഗ്രസിനെതിരെ പ്രതികരിക്കണമെന്നാണോ ഇന്നലെ നടന്ന സെമിനാറില്‍ തീരുമാനിച്ചത്? രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ് സി.പി.എം ഇറങ്ങിയിരിക്കുന്നതെന്ന ഞങ്ങളുടെ ആരോപണം ശരിവച്ചിരിക്കുകയാണ്. സെമിനാറില്‍ പങ്കെടുത്തവരൊക്കെ കോണ്‍ഗ്രസിനെതിരെയാണോ സംസാരിച്ചത്? സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്ന് കരുതിയാണ് മതസംഘടനകള്‍ സെമിനാറില്‍ പങ്കെടുത്തത്. എന്നാല്‍ ഒപ്പം നിന്നില്ലെന്നു മാത്രമല്ല, രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ കോണ്‍ഗ്രസ് അങ്ങനെയൊരു നിലപാട് സ്വീകരിക്കില്ല.

ദേശീയ തലത്തില്‍ കോണ്‍ഗ്രസും ലീഗുമുള്ള പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി സി.പി.എമ്മും മാറുമെന്നാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിതാറാം യെച്ചൂരി പറഞ്ഞത്. അത് സംസ്ഥാന നേതാക്കള്‍ക്കുള്ള ഉത്തരമാണ്. 1987 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐയു മഹിളാ അസോസിയേഷനും ശരിഅത്തിനെ എതിര്‍ക്കുകയും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും പറഞ്ഞൊരു കാലമുണ്ടായിരുന്നെന്നത് മന്ത്രി പഠിക്കണം. അന്ന് ആര്‍.എസ്.എസുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയ നേതാക്കളാണ് സി.പി.എമ്മിനുണ്ടായിരുന്നത്. ക്രൈസ്തവരുടെയും മുസ്ലീംകളുടെയും പിന്തുണയില്ലാതെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ബാലാസഹിബ് ദേവറസ് എന്ന ആര്‍.എസ്.എസ് നേതാവ് സി.പി.എമ്മിനെ അഭിനന്ദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ഹിന്ദു ഏകീകരണമുണ്ടാക്കാന്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ ഗൂഡാലോചന നടത്തിയിട്ടുണ്ട്. സി.പി.എം തീരുമാന പ്രകാരമായിരുന്നു അത്തരമൊരു ഗൂഡാലോചന. അതിന്റെ ഭാഗമായാണ് ശരിഅത്തിനെ എതിര്‍ത്തതും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടത്.

ഇന്നലെ നടത്തിയ സെമിനാറില്‍ സി.പി.എം സ്വീകരിച്ച നിലപാടും വിവിധ മതസംഘടനകള്‍ എടുത്ത നിലപാടും തമ്മില്‍ വ്യത്യാസമുണ്ട്. സെമിനാറില്‍ ഒരുമിച്ചൊരു നിലപാടെടുക്കാന്‍ പോലും സാധിച്ചില്ല. എന്നിട്ടാണ് സെമിനാര്‍ പൊളിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് മന്ത്രി പറയുന്നത്. കോണ്‍ഗ്രസിനെതിരെ സംസാരിച്ച് വെറുതെ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സര്‍ക്കാരിന് വ്യക്തി നിയമങ്ങളിലേക്കും ആചാരങ്ങളിലേക്കും ഏത് ഘട്ടം വരെ ഇടപെടാമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പാര്‍ലമെന്റിലും പാര്‍ലമെന്ററി സമിതിയിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അധികാരത്തില്‍ ഇരുന്നപ്പോഴും പുറത്ത് നിന്നപ്പോള്‍ ഏക സിവില്‍ കോഡ് വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സംഘപരിവാറിനൊപ്പം ചേര്‍ന്ന് ഏക സിവില്‍ കോഡ് വേണമെന്ന് ആവശ്യപ്പെട്ട കേരളത്തിലെ ഏക പാര്‍ട്ടി സി.പി.എമ്മാണ്. ഇപ്പോള്‍ മലക്കം മറിഞ്ഞതും അവരാണ്. അന്നും ഇന്നും കോണ്‍ഗ്രസിന് ഒറ്റനിലപാടെയുള്ളൂ.

Author

Leave a Reply

Your email address will not be published. Required fields are marked *